ചെന്നൈ: തമിഴ്നാട്ടില്‍ മൂന്ന് വര്‍ഷമായി നിലനിന്നിരുന്ന പുലര്‍ച്ചെയുള്ള സിനിമാ പ്രദര്‍ശനത്തിനുള്ള നിയന്ത്രണം നീക്കി. പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് റിലീസ് ആദ്യവാരം രാവിലെ ആറുമണി മുതല്‍ പ്രദര്‍ശനം ആരംഭിക്കാന്‍ അനുമതി നല്കി മുഖ്യമന്ത്രി സി ജോസഫ് വിജയ് അധ്യക്ഷനായ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. നവംബര്‍ 3 ചൊവ്വാഴ്ചയാണ് പുതുക്കിയ സിനിമാ പ്രദര്‍ശന സമയക്രമത്തിന് അംഗീകാരം നല്‍കിയത്.
പുതിയ തീരുമാനത്തോടെ തമിഴ് സിനിമാ വ്യവസായത്തിന് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. ദീപാവലിക്ക് മുന്നോടിയായി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ പുതിയ സമയക്രമം നിര്‍മാതാക്കള്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും ഗുണകരമാകും.
2023 ജനുവരിയില്‍ നടന് അജിത്ത് കുമാറിന്റെ 'തുനിവ്' സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള ആഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ ആരാധകന് മരിച്ചതിനെത്തുടര്‍ന്നാണ് പുലര്‍ച്ചെയുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവെച്ചത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പുതിയ തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ആദ്യ ഒരാഴ്ച രാവിലെ ആറുമണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 2.30 വരെ പ്രദര്‍ശിപ്പിക്കാം. ഈ കാലയളവില്‍ ഒരു ദിവസം പരമാവധി ആറു ഷോകള്‍ നടത്താനും അനുമതിയുണ്ട്. നേരത്തേ ഇത് അഞ്ച് പ്രദര്‍ശനങ്ങളായി പരിമിതപ്പെടുത്തിയിരുന്നു.
ശനി, ഞായര്‍ ദിവസങ്ങളിലും പൊതുഅവധികളിലും പ്രാദേശിക ഉത്സവദിവസങ്ങളിലും ആറു പ്രദര്‍ശനങ്ങള്‍ നടത്താനുള്ള അനുമതി ബാധകമായിരിക്കും.
1957ലെ തമിഴ്നാട് സിനിമാസ് (റെഗുലേഷന്) ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍, തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
നിലവിലുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിച്ച് കൂടുതല്‍ പ്രദര്‍ശനങ്ങള്‍ക്കും പുലര്‍ച്ചെയുള്ള ഷോകള്‍ക്കും അനുമതി നല്‍കണമെന്നായിരുന്നു സംഘടനകളുടെ പ്രധാന ആവശ്യം.
2023 ജനുവരിയില്‍ അജിത്ത് കുമാറിന്റെ 'തുനിവ്' സിനിമയുടെ റിലീസിനോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തില്‍നിന്ന് വീണ് ഒരു ആരാധകന് മരിച്ചതോടെയാണ് പുലര്‍ച്ചെയുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
തുടര്‍ന്ന് പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി. തിയേറ്ററുകളിലെ ആദ്യ പ്രദര്‍ശനം രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തി. പ്രതിദിന പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവന്നു.
പുതിയ ഉത്തരവോടെ ഈ നിയന്ത്രണങ്ങള്‍ നീങ്ങുന്നതാണ് തമിഴ് സിനിമാ മേഖലയ്ക്ക് ആശ്വാസമാകുന്നത്.
ദീപാവലിയോടനുബന്ധിച്ച് തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സൂര്യയുടെ 'സീന്‍', നയന്‍താരയുടെ 'മൂക്കുത്തി അമ്മന്‍ 2' തുടങ്ങിയ ചിത്രങ്ങള്‍ക്കും പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിച്ചേക്കും.
