ഝാർഖണ്ഡിൽ അനധികൃത കൽക്കരി ഖനനത്തിനെതിരെ ഇഡി റെയ്ഡ്; 600 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി

ഝാർഖണ്ഡിൽ അനധികൃത കൽക്കരി ഖനനത്തിനെതിരെ ഇഡി റെയ്ഡ്; 600 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി


റാഞ്ചി: ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ അനധികൃത കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ വ്യാപക പരിശോധനയിൽ 600 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി. 160 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും 1.02 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവും പരശോധനയിൽ പിടിച്ചെടുത്തു.

റാഞ്ചി സോണൽ ഓഫിസിന്റെ നേതൃത്വത്തിൽ ധൻബാദിലെ സരായ്‌ധേല, കത്രാസ്, ജാരിയ, ബാങ്ക് മോർ ഉൾപ്പെടെയുള്ള 25 കേന്ദ്രങ്ങളിലായിരുന്നു പരശോധന. തിങ്കളാഴ്ച ആരംഭിച്ച റെയ്ഡ് പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ബിസിസിഎൽ (BCCL) ഔട്ട്‌സോഴ്‌സിങ് കരാറുകാരായ ലാൽ ബാബു സിങ്, അനിൽ ഗോയൽ എന്നിവരടക്കം നിരവധി വ്യവസായികൾ, കൽക്കരി വ്യാപാരികൾ, രാഷ്ട്രീയ ബന്ധമുള്ള വ്യക്തികൾ, സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തവർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്.

പരിശോധനയിൽ ഏകദേശം 200 ഓളം സ്ഥലങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഇഡി പിടിച്ചെടുത്തു. ഭൂമികൾ, വാണിജ്യ സമുച്ചയങ്ങൾ, ഖനന ഓഹരികൾ എന്നിവ ഉൾപ്പെടുന്ന ഈ സ്വത്തുക്കളുടെ മൂല്യം 500 മുതൽ 600 കോടി രൂപ വരെയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അനധികൃത കൽക്കരി ഖനനം, പിരിവ്, ഭീഷണിപ്പെടുത്തി പണം ഈടാക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ബാങ്ക് അക്കൗണ്ടുകളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു.

ഈ പണം സംസ്ഥാന അതിർത്തികൾ കടത്തി വിവിധ ബിസിനസുകളിലും സ്വത്തുക്കളിലും നിക്ഷേപിച്ച് യഥാർഥ ഉറവിടം മറച്ചുവെച്ചിട്ടുണ്ടോയെന്നതാണ് ഇഡിയുടെ പ്രധാന അന്വേഷണം. പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് തെളിവുകളും പണമിടപാടുകളുടെ ശൃംഖലയും ഇതിൽ പങ്കുള്ള മറ്റ് വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്താൻ സഹായിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

ഝാർഖണ്ഡിൽ മാത്രമല്ല, പശ്ചിമ ബംഗാളിലെ പുരുലിയ, ദുർഗാപുർ, ഹൗറ, കൊൽക്കത്ത എന്നിവിടങ്ങളലേക്കും വ്യാപിച്ചിരിക്കുന്ന കൽക്കരി മാഫിയയുടെയും കള്ളക്കടത്ത് ശൃംഖലയുടെയും അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.