സാമ്പത്തിക സര്‍വേ; ട്രംപ് തീരുവകളും ആഗോള വെല്ലുവിളികളും തിരിച്ചടി

സാമ്പത്തിക സര്‍വേ; ട്രംപ് തീരുവകളും ആഗോള വെല്ലുവിളികളും തിരിച്ചടി


ന്യൂഡല്‍ഹി: ആഭ്യന്തര ഡിമാൻഡ് ശക്തമാണെങ്കിലും ട്രംപ് തീരുവകള്‍, വ്യാപാര യുദ്ധങ്ങള്‍, ഭൗമരാഷ്ട്രീയ അസ്ഥിരത, സംരക്ഷണവാദം തുടങ്ങിയ ആഗോള വെല്ലുവിളികള്‍ ഇന്ത്യയ്ക്ക് അപകടസാധ്യതകളായി തുടരുന്നുവെന്ന് പാർലമെന്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ ജനുവരി 29ന് അവതരിപ്പിച്ച സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. 

ബജറ്റ് 2026-ന് മുന്നോടിയായാണ് ധനമന്ത്രി സര്‍വേ സമർപ്പിച്ചത്. രൂപയുടെ അസ്ഥിരതയും യു എസുമായുള്ള വ്യക്തതയില്ലാത്ത വ്യാപാര ചര്‍ച്ചകളും ബാഹ്യ അപകടങ്ങളാണെന്ന് സർവേ വ്യക്തമാക്കുന്നു. പ്രധാന സമ്പദ്വ്യവസ്ഥകളിലെ വളര്‍ച്ചാമന്ദ്യം, വ്യാപാര തടസങ്ങള്‍, ഉയര്‍ന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവ സര്‍വേ എടുത്തുകാട്ടുന്നു. പ്രധാന വ്യാപാര പങ്കാളികളിലെ ദുര്‍ബല വളര്‍ച്ച ഇന്ത്യയുടെ കയറ്റുമതി വേഗതയെയും ബാഹ്യ ആവശ്യകതയെയും ബാധിക്കാം. ആഗോള ആഘാതങ്ങള്‍ മൂലധന ഒഴുക്ക്, വിനിമയനിരക്കുകള്‍, ധനകാര്യ വിപണികളിലെ നിക്ഷേപക മനോഭാവം എന്നിവയെയും ബാധിക്കാനിടയുണ്ടെന്ന് സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കാലത്തെ യു എസ് വ്യാപാര നയങ്ങളുടെ സ്വാധീനം സര്‍വേ വിശദീകരിക്കുന്നു. 2025-ല്‍ ഇന്ത്യയിലെ നിരവധി കയറ്റുമതികള്‍ക്ക് 25 ശതമാനം തീരുവയും അധികമായി 25 ശതമാനം പിഴ തീരുവയും ചുമത്തിയത് കയറ്റുമതിക്കാര്‍ക്കിടയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു.

എങ്കിലും യൂറോപ്യന്‍ യൂണിയന്‍, യു കെ, പശ്ചിമേഷ്യ എന്നിവ ഉള്‍പ്പെടെയുള്ള വിപണി വൈവിധ്യവത്ക്കരണം മൂലം ഇന്ത്യയുടെ കയറ്റുമതി പ്രകടനം താരതമ്യേന സ്ഥിരത പുലര്‍ത്തിയതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. തന്ത്രപ്രധാനമായ വ്യാപാര നയങ്ങളും ഭൗമരാഷ്ട്രീയ ആയുധങ്ങളായി കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതോടെ ആഗോള വിതരണ ശൃംഖലകളില്‍ അനിശ്ചിതത്വം വര്‍ധിക്കുകയും വ്യാപാര പ്രവാഹങ്ങളുടെ പ്രവചനീയത കുറയുകയും ചെയ്യുന്നതായും സര്‍വേ നിരീക്ഷിക്കുന്നു.

ആഗോള ആഘാതങ്ങളുടെ ഫലമായി ഇന്ത്യന്‍ രൂപയില്‍ ഉയര്‍ന്ന അസ്ഥിരത ഉണ്ടാകുന്നതായി സര്‍വേ വ്യക്തമാക്കുന്നു. 2026 തുടക്കത്തില്‍, വിദേശ നിക്ഷേപ പിന്‍വലിക്കലുകള്‍, ഇറക്കുമതിക്കാര്‍ക്കുള്ള ഡോളര്‍ ആവശ്യകത, യു എസ് തീരുവകളും ആഗോള അപകടഭീതിയും മൂലം രൂപ റെക്കോര്‍ഡ് താഴ്ന്ന നിലയിലെത്തി.

രൂപയുടെ ഈ അസ്ഥിരത ആഗോള ധനകാര്യ സമ്മര്‍ദത്തിന്റെ പ്രതിഫലനമാണെങ്കിലും ഇതുവരെ ഇന്ത്യയുടെ വളര്‍ച്ചാ കാഴ്ചപ്പാടിനെ ഗൗരവമായി ബാധിച്ചിട്ടില്ലെന്ന് സര്‍വേ പറയുന്നു. രൂപ മൂല്യത്തകര്‍ച്ച തീരുവകളെ തുടര്‍ന്നുള്ള ചില ചെലവുസമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നതിനാല്‍ കയറ്റുമതിക്കാര്‍ക്ക് ഭാഗിക ആശ്വാസമുണ്ടാക്കിയതായും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ദീര്‍ഘകാല കറന്‍സി അസ്ഥിരത മൂലധന ഒഴുക്ക്, പണപ്പെരുപ്പ പ്രതീക്ഷകള്‍, ബാഹ്യ ധനസമാഹരണ സാഹചര്യങ്ങള്‍ എന്നിവയെ ബാധിക്കാമെന്ന് സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു.

ആഗോള ആഘാതങ്ങള്‍ പലപ്പോഴും വൈകിയാണ് ഇന്ത്യയെ ബാധിക്കുന്നതെന്ന് സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. അടുത്തകാല വളര്‍ച്ച സ്ഥിരത പുലര്‍ത്തിയാലും കാലക്രമേണ കയറ്റുമതി, നിക്ഷേപ ഒഴുക്ക്, സാങ്കേതിക കൈമാറ്റം, ധനകാര്യ വിപണികള്‍ എന്നിവയെ ആഗോള തടസങ്ങള്‍ ബാധിക്കാം. വ്യാപാര ആഘാതങ്ങള്‍ കരാര്‍ ക്രമീകരണങ്ങളും വിതരണ ശൃംഖല പുന:സംഘടനയും നടക്കുന്നതിനനുസരിച്ച് വൈകിയുള്ള ഫലങ്ങള്‍ കാണിച്ചേക്കാമെന്നും സര്‍വേ വ്യക്തമാക്കുന്നു.

ആഗോള വെല്ലുവിളികള്‍ക്കെതിരായ പ്രധാന പ്രതിരോധമായി ശക്തമായ ആഭ്യന്തര ആവശ്യകതയെ സര്‍വേ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ഉപഭോഗം, പൊതുനിക്ഷേപം, ആഭ്യന്തര മൂലധന രൂപീകരണം എന്നിവ ബാഹ്യ ആവശ്യകത അനിശ്ചിതമായിരിക്കുമ്പോഴും വളര്‍ച്ചയെ പിന്തുണയ്ക്കുന്നുവെന്നാണ് വിലയിരുത്തല്‍. 2026- 27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 6.8 മുതല്‍ 7.2 ശതമാനം വരെ വളര്‍ച്ച ഉണ്ടാകുമെന്ന സര്‍വേയുടെ കണക്ക് പ്രധാനമായും ആഭ്യന്തര ആവശ്യകതയെ ആശ്രയിച്ചുള്ളതാണ്.

ആഗോള നയരൂപരേഖകള്‍ കൂടുതല്‍ വിഭജിതവും പ്രവചനാതീതവും രാഷ്ട്രീയ പ്രേരിതവുമായിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വേ പറയുന്നു. ഇത് അതിര്‍ത്തി കടന്ന നിക്ഷേപത്തെയും വ്യാപാരത്തെയും ബാധിക്കുന്നു. രാഷ്ട്രീയ അപകടസാധ്യത, വ്യാപാര തടസങ്ങള്‍, അനിശ്ചിതത്വം എന്നിവയോട് നിക്ഷേപകര്‍ അതീവ സംവേദനശീലരാണെന്നും ഈ അന്തരീക്ഷത്തില്‍ മാക്രോ സാമ്പത്തിക സ്ഥിരതയും നിക്ഷേപക വിശ്വാസവും നിലനിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ വെല്ലുവിളിയെന്നും സര്‍വേ വിലയിരുത്തുന്നു.

യു എസ് വ്യാപാരബന്ധങ്ങളും കറന്‍സി അസ്ഥിരതകളും മറ്റ് ആഗോള ഘടകങ്ങളുമായി ചേര്‍ന്ന് ഉണ്ടാക്കുന്ന അപകടസാധ്യതകള്‍ സര്‍വേ വിശദീകരിക്കുന്നു. ശുദ്ധ സാമ്പത്തിക ഘടകങ്ങളേക്കാള്‍ ഭൗമരാഷ്ട്രീയ കൂട്ടുകെട്ടുകളും തന്ത്രപരമായ പരിഗണനകളും അടിസ്ഥാനമാക്കിയാണ് ഇന്ന് മൂലധന ഒഴുക്കുകള്‍ രൂപപ്പെടുന്നതെന്ന് സര്‍വേ പറയുന്നു. ആഗോള സമ്പദ്വ്യവസ്ഥ ബ്ലോക്കുകളായി വിഭജിക്കപ്പെടുകയും തന്ത്രപ്രധാന മൂലധനം, സാങ്കേതിക നിയന്ത്രണങ്ങള്‍, കയറ്റുമതി നിയന്ത്രണങ്ങള്‍ എന്നിവ കൂടുതല്‍ പ്രാധാന്യം നേടുകയും ചെയ്യുന്നതായും സര്‍വേ നിരീക്ഷിക്കുന്നു.

സംരക്ഷണവാദം, പ്രതികാര തീരുവകള്‍, സുരക്ഷാ പരിഗണനകളെ വ്യാപാര നയത്തിലെ ഉപകരണങ്ങളായി ഉപയോഗിക്കല്‍ തുടങ്ങിയവ മൂലമുള്ള വ്യാപാര അനിശ്ചിതത്വങ്ങളെ സര്‍വേ ചൂണ്ടിക്കാട്ടുന്നു. ബഹുപക്ഷ ചട്ടക്കൂടുകളേക്കാള്‍ ഇരുപക്ഷ വ്യാപാര കരാറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലേക്കാണ് യു എസ് നീങ്ങുന്നതെന്നും കയറ്റുമതി ലൈസന്‍സിംഗ്, നിയന്ത്രിത വ്യാപാര രീതികള്‍ എന്നിവ വ്യാപകമാകുന്നതായും സര്‍വേ വ്യക്തമാക്കുന്നു.

നിലവില്‍ ക്രൂഡ് ഓയില്‍ വിലകള്‍ നേരിട്ടുള്ള പണപ്പെരുപ്പ സമ്മര്‍ദം സൃഷ്ടിക്കുന്നില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നുണ്ടെങ്കിലും ആഗോള ഊര്‍ജ പരിവര്‍ത്തനവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരിവര്‍ത്തനം നിര്‍ണായക ഖനിജങ്ങളിലേക്കുള്ള ആശ്രിതത്വം വര്‍ധിപ്പിക്കുന്നതായും അവ തന്ത്രപ്രധാന തടസങ്ങള്‍, വ്യാപാര നിയന്ത്രണങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ മൂലം ബാധിക്കപ്പെടാമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് കയറ്റുമതി നിയന്ത്രണങ്ങള്‍, സാങ്കേതിക കൈമാറ്റ വിലക്കുകള്‍, അത്യാധുനിക സാങ്കേതികവിദ്യകളുടെ ആയുധവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട ഉയര്‍ന്നുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെയും സര്‍വേ പ്രത്യേകം സൂചിപ്പിക്കുന്നു.