ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഡി കെ ശിവകുമാര്‍ കര്‍ണാടകയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബെംഗളൂരുവിലെ ലോക് ഭവനില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു ചടങ്ങ്. മുന്‍ ആഭ്യന്തര മന്ത്രിയായ ജി പരമേശ്വര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശിവകുമാര്‍ 13 അംഗ മന്ത്രിസഭയെയും പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയില്‍ ഇടം നേടി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡി കെ ശിവകുമാറിന് ആശംസകള്‍ നേര്‍ന്നു. കര്‍ണാടക ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി അടുത്ത് സഹകരിക്കുമെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എം പി എന്നിവര്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
മന്ത്രിസഭയില്‍ യു ടി ഖാദര്‍, എം ബി പാട്ടീല്‍, കെ ജെ ജോര്‍ജ്, കെ എച്ച് മുനിയപ്പ, സതീഷ് ജാര്‍ക്കിഹോളി, രാമലിംഗ റെഡ്ഡി, കൃഷ്ണ ബൈരഗൗഡ, പ്രിയങ്ക് ഖാര്‍ഗെ, ഈശ്വര്‍ ഖണ്ഡ്രെ, ബൈരതി സുരേഷ്, ശരണ്‍ പ്രകാശ് പാട്ടീല്‍ എന്നിവരും അംഗങ്ങളായി.
രാജ്യസഭ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വികസിപ്പിക്കാനാണ് സാധ്യത.
2023 മെയ് മാസത്തില്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലെത്തിയപ്പോള്‍, മുഖ്യമന്ത്രിസ്ഥാനം അഞ്ചുവര്‍ഷ കാലയളവില്‍ പങ്കിട്ടെടുക്കാമെന്ന ധാരണ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ രൂപപ്പെട്ടിരുന്നു. ആ ധാരണയുടെ ഭാഗമായാണ് ഇപ്പോഴത്തെ അധികാര കൈമാറ്റം.
സത്യപ്രതിജ്ഞ ചടങ്ങില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് കൈയില്‍ പിടിച്ചാണ് ശിവകുമാര്‍ വേദിയിലെത്തിയത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന രാഷ്ട്രീയ പ്രതീകാത്മകതയുടെ തുടര്‍ച്ചയായാണ് ഇത് കാണപ്പെടുന്നത്.
ദലിത് സമൂഹത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവും സിദ്ധരാമയ്യയുടെ വിശ്വസ്തനുമായ ജി പരമേശ്വറിനെ ഉപമുഖ്യമന്ത്രിയാക്കിയത് സാമൂഹിക- രാഷ്ട്രീയ സന്തുലിതാവസ്ഥ ഉറപ്പാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് സിദ്ധരാമയ്യയെ നിയമിച്ചു.
