ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും ബി ജെ പിയുടെ കടുത്ത വിമര്‍ശകനുമായ പരകല പ്രഭാകറിന്റെ അഭിപ്രായത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയുടെ പാര്‍ട്ടിയുടെ സഖ്യത്തിന് 255 സീറ്റുകളായിരിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവു കൂടിയായ പരകല പ്രഭാകര്‍ ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ബി ജെ പിയുടെ '400 പാര്‍' ആത്മവിശ്വാസത്തിന് വിരുദ്ധമായിരിക്കും സീറ്റുകളുടെ എണ്ണം.
ബി ജെ പി 200 മുതല്‍ 220 വരെ ലോക്സഭാ സീറ്റുകള്‍ നേടുമെന്നും ദേശീയ ജനാധിപത്യ സഖ്യം ഭൂരിപക്ഷത്തിന് താഴെയാകുമെന്നും പരകാല പ്രഭാകര്‍ പ്രവചിച്ചു.
പരകാല പ്രഭാകര്‍ പ്രതീക്ഷിക്കുന്നതു പോലെ ബി ജെ പി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കില്‍ മോഡിയുടെ ഭാവി എന്തായിരിക്കുമെന്ന ദ വയറിന്റെ കരണ്‍ ഥാപ്പറുടെ ചോദ്യത്തിന് അതൊരു സങ്കീര്‍ണ്ണമായ ചോദ്യമാണെന്ന് നിങ്ങള്‍ക്കറിയാമെന്നും എന്നാല്‍ ലോകചരിത്രം നോക്കിയാല്‍ മിക്കവാറും എല്ലാ സ്വേച്ഛാധിപതികളുടേയും ഭരണം അവരുടെ കൈവിലങ്ങുകളിലോ ശവപ്പെട്ടിയിലോ ആണ് അവസാനിപ്പിച്ചതെന്ന് കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്റെ പിറ്റേന്ന് ജൂണ്‍ അഞ്ചിന് ബി ജെ പി ഇതര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരകാല പ്രഭാകര്‍ പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിലെ തന്റെ പ്രവചനത്തെ അടിസ്ഥാനമാക്കി ഉത്തരേന്ത്യയില്‍ ബി ജെ പിക്ക് കുറഞ്ഞത് 80 മുതല്‍ 95 വരെ ലോക്സഭാ സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്നും പ്രഭാകര്‍ പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ ബി ജെ പി തുടച്ചുനീക്കപ്പെടുമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ ഉത്തരേന്ത്യയിലെ കാവി ക്യാമ്പിനും നിരാശയായിരിക്കും ഫലമെന്നും പ്രഭാകര്‍ പ്രവചിക്കുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബി ജെ പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ ഭൂപടം തന്നെ മാറുമെന്നും നരേന്ദ്ര മോഡിയെ വീണ്ടും തെരഞ്ഞെടുക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു പരകാല പ്രഭാകര്‍.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ലഡാക്ക്- മണിപ്പൂര്‍ പോലെയുള്ള ഒരു സാഹചര്യം രാജ്യത്ത് ഉടലെടുക്കുമെന്നും പ്രഭാകര്‍ മുന്നറിയിപ്പ് നല്‍കി.