ന്യൂഡൽഹി: ജീവൻ രക്ഷിക്കുന്ന കാൻസർ മരുന്നുകളുടെ ഉയർന്ന ആവശ്യകതയെ തുടർന്നു രാജ്യത്ത് വൻ വ്യാജമരുന്ന് റാക്കറ്റ് പ്രവർത്തിച്ചിരുന്ന സംഭവം പുറത്ത്. 2024ൽ ഡൽഹിയിൽ നടത്തിയ അന്വേഷണത്തിൽ, പ്രമുഖ മരുന്നുകളായ 'കിട്രൂഡ' (Ketyruda ) ഉൾപ്പെടെ വ്യാജ കിമോതെറപ്പി മരുന്നുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. 12 പേരെയാണ് ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഡൽഹിയിലെ മോത്തി നഗർ, ഗുരുഗ്രാം എന്നിവിടങ്ങളിലായി പ്രവർത്തിച്ചിരുന്ന സംഘത്തിൽ ആശുപത്രി ജീവനക്കാരും ഉൾപ്പെട്ടിരുന്നു. രാജീവ് ഗാന്ധി കാൻസർ ഇസ്റ്റിറ്റിയൂട്ട്, ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, മില്ലേനിയം കാൻസർ സെന്റർ, വെങ്കിടേശ്വർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ചില നഴ്‌സുമാരും സ്റ്റാഫും പങ്കാളികളായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ശൂന്യമായ കിട്രൂഡ കുപ്പികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയോ മോഷ്ടിക്കുകയോ ചെയ്ത്, അതിൽ ഡെക്‌സ്‌ട്രോസ്, ഫ്‌ളുക്കോണാസോൾ പോലുള്ള വിലകുറഞ്ഞ ദ്രാവകങ്ങൾ നിറച്ച് വീണ്ടും സീൽ ചെയ്ത് യഥാർത്ഥ മരുന്നുകളെന്ന പോലെ വിൽക്കുകയായിരുന്നു ഇവരുടെ രീതി. പൊലീസ് നടത്തിയ റെയ്ഡിൽ 4 കോടി രൂപ വിലവരുന്ന 140ത്തിലധികം കുപ്പികൾ പിടിച്ചെടുത്തു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 25 കോടിയിലധികം രൂപയുടെ വ്യാജ മരുന്നുകൾ വിൽപ്പന നടത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഒരു കുപ്പിക്ക് 1 മുതൽ 3 ലക്ഷം രൂപവരെ വാങ്ങിയാണ് രോഗികളെ സംഘം വഞ്ചിച്ചത്. ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ ഒരു രോഗി 6 ഡോസിന് 5.92 ലക്ഷം രൂപ ചെലവഴിച്ചതായി റിപ്പോർട്ടുണ്ട്. ജമ്മുകാശ്മീർ സ്വദേശിയും 1.8 ലക്ഷം രൂപ നൽകി രണ്ട് ഡോസുകൾ വാങ്ങി. ഒരു കുടുംബം 16 ലക്ഷം രൂപ ചെലവഴിച്ച മരുന്ന് പിന്നീട് സാധാരണ ആന്റിഫംഗൽ മരുന്നാണെന്ന് കണ്ടെത്തി. ഈ വ്യാജ മരുന്ന് ഉപയോഗിച്ച് ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്.
സംഘത്തിന്റെ തലവനായി നീരജ് ചൗഹാനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻപ് ആശുപത്രി ഫാർമസിയിൽ ജോലി ചെയ്തിരുന്നയാളാണ് ഇയാൾ. ഐഐടി (ബി.എച്ച്.യു)യിൽ പഠിച്ച ഒരാളും രാസവസ്തുക്കൾ വിതരണം ചെയ്തതിൽ പങ്കാളിയായിരുന്നു. Opdyta, Tecetnriq, Imfinzi, Perjeta തുടങ്ങിയ മറ്റു വിലകൂടിയ മരുന്നുകളും സംഘം ലക്ഷ്യമിട്ടിരുന്നു.
കിട്രൂഡ പോലുള്ള ഇമ്യൂണോതെറാപ്പി മരുന്നുകൾ നിരവധി ഗുരുതര കാൻസറുകൾക്ക് ഉപയോഗിക്കുന്നതിനാൽ വലിയ ആവശ്യകതയുണ്ട്. ഒരു കുപ്പിക്ക് 1.5 മുതൽ 2 ലക്ഷം രൂപവരെ വിലവരുന്ന ഈ മരുന്ന് 2028 വരെ പേറ്റന്റ് സംരക്ഷണത്തിലുള്ളതും ഉത്പാദനം സങ്കീർണ്ണവുമാണ്. ഇതാണ് വ്യാജവിപണി വളരാൻ കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഡൽഹി എൻസിആർ, ഉത്തർപ്രദേശ്, ബിഹാർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ചിരുന്ന ഈ റാക്കറ്റിൽ 200ത്തിലധികം കാൻസർ രോഗികൾ വഞ്ചിക്കപ്പെട്ടതായാണ് വിലയിരുത്തൽ. ജീവൻ രക്ഷിക്കേണ്ട മരുന്നുകൾ തന്നെ അപകടകാരികളായി മാറിയ സംഭവം ആരോഗ്യരംഗത്ത് വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു.
കാൻസർ മരുന്ന് വ്യാജവിപണി: 'കിട്രൂഡ' ഉൾപ്പെടെ മരുന്നുകൾ കൃത്രിമമായി നിർമ്മിച്ച് വിൽപ്പന; ഒരാൾ മരിച്ചു
