ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ മികവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍ സി ആര്‍) നടപ്പിലാക്കിയിരുന്ന ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള സ്റ്റേജ്-ത്രി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ വായു ഗുണനിലവാര നിയന്ത്രണ കമ്മീഷന്‍ തീരുമാനിച്ചു.
ജനുവരി 2-ന് വൈകുന്നേരം 4 മണിയോടെ ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് തൊട്ടു മുമ്പത്തെ ദിവസത്തിലെ 380ല്‍ നിന്ന് 236 ആയി കുറഞ്ഞതായി രേഖപ്പെടുത്തി. ഈ സ്ഥിരമായ കുറവ് കണക്കിലെടുത്താണ് എന്‍സിആര്‍ മുഴുവന്‍ സ്റ്റേജ്-ത്രി നിയന്ത്രണങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ നിന്ന് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്.
അതേസമയം, ഭാവിയില്‍ വായു ഗുണനിലവാരം വീണ്ടും മോശമാകാതിരിക്കാന്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ്-വണ്‍, സ്റ്റേജ്-ടു ഘട്ടങ്ങളിലെ മുന്‍കരുതല്‍ നടപടികളും നിയന്ത്രണങ്ങളും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ ഇന്ത്യാ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ താപനില ഏകദേശം 11 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്നും പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടുവെന്നും അറിയിച്ചു. ദിവസം മുഴുവന്‍ മൂടല്‍മഞ്ഞ് തുടരാന്‍ സാധ്യതയുണ്ടെങ്കിലും ജനുവരി മൂന്ന് മുതല്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് വെള്ളിയാഴ്ച ഡല്‍ഹിയിലെ പരമാവധി താപനില 15 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില 9 മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും. കുറഞ്ഞ താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ കൂടുതലായിരിക്കുമ്പോള്‍ പരമാവധി താപനില സാധാരണ നിലയേക്കാള്‍ ഗണ്യമായി താഴെയായിരിക്കുമെന്നാണ് വിലയിരുത്തല്‍.
