മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും


ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിലെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകനും തങ്ങളുടെ വാദങ്ങള്‍ കോടതിയെ അറിയിക്കും. 2023ലെ പങ്കജ് ബന്‍സാല്‍ കേസിലെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് അറസ്റ്റും റിമാന്‍ഡും എന്നാണ് കെജ്രിവാളിന്റെ വാദം

നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് എന്നാണ് ഇഡിയുടെ നിലപാട്. കേസില്‍ 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം നേടിയ കെജ്രിവാള്‍ നിലവില്‍ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആണ്. ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലില്‍ എത്തി കീഴടങ്ങണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആണ് ഹര്‍ജിയില്‍ അന്തിമ വാദം കേള്‍ക്കുന്നത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.