ഡൽഹി പ്രതിഷേധത്തിലെ കോടതിയലക്ഷ്യം; മാപ്പ് പറഞ്ഞ് കേന്ദ്ര സർക്കാരും ഡൽഹി പൊലീസും

ഡൽഹി പ്രതിഷേധത്തിലെ കോടതിയലക്ഷ്യം; മാപ്പ് പറഞ്ഞ് കേന്ദ്ര സർക്കാരും ഡൽഹി പൊലീസും


ന്യൂഡൽഹി: ഒക്ടോബർ 10-ലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ മാപ്പ് പറഞ്ഞ് കേന്ദ്രവും ഡൽഹി പൊലീസും. കോടതിയലക്ഷ്യത്തിന് നോട്ടീസ് ലഭിച്ചതിനെത്തുടർന്ന്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാറും സുപ്രീം കോടതിയിൽ മാപ്പ് പറയുകയായിരുന്നു. കോടതി ഉത്തരവുകൾ മനഃപൂർവം ലംഘിച്ചിട്ടില്ലെന്നും കേസിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ഒക്ടോബർ 10-ലെ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടായതും കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചതും. തുടർന്ന് സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാരും പൊലീസും മാപ്പ് രേഖപ്പെടുത്തുകയായിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്തിയ പ്രതിഷേധം ഡൽഹി പൊലീസ് തടഞ്ഞതിന് തൊട്ടടുത്ത ദിവസം (ഒക്ടോബർ 11), സുപ്രീം കോടതിയുടെ മുൻ ഉത്തരവ് ലംഘിച്ചെന്നാരോപിച്ച് ആഭ്യന്തര സെക്രട്ടറി, ഡൽഹി പൊലീസ് കമ്മീഷണർ, ഡിഎംആർസി ചെയർപേഴ്‌സൺ എന്നിവർക്ക് കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഏർപ്പെടുത്തിയ മെട്രോ, റോഡ്, ഇൻ്റർനെറ്റ് നിയന്ത്രണങ്ങൾ മുൻ ഉത്തരവിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇവർക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. തുടർന്ന് ബുധനാഴ്‌ച രാത്രി ഇവർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.

സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍

''ബഹുമാനപ്പെട്ട കോടതിയുടെ മുൻപാകെ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു. ഈ കോടതി നൽകിയ നിർദേശങ്ങളൊന്നും മനഃപൂർവ്വമോ ബോധപൂർവ്വമോ ലംഘിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നതിനായി ചില വസ്‌തുതകൾ സമർപ്പിക്കുന്നു,'' എന്ന് ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ഡൽഹിയിൽ വൻതോതിലുള്ള ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാൻ പൊലീസ് സ്വീകരിച്ച നടപടികൾ ഉചിതവും നിയമപരവുമായിരുന്നു എന്ന് ഡൽഹി പൊലീസ് കമ്മീഷണർ സത്യവാങ്മൂലത്തിൽ വാദിച്ചു.

കൂടാതെ, നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഒരു നിശ്ചിത പ്രദേശത്ത് പരിമിത കാലത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ തടയുന്നത് ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന അംഗീകൃത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിലെ അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതലുകൾ എടുത്തതെന്നും കോടതി നിർദേശിച്ചതുപോലെ ആരെയും നിയമവിരുദ്ധമായി തടങ്കലിൽ വച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

റൈസീന ഹിൽസിന് ചുറ്റും നാല് കിലോമീറ്റർ പരിധിയിൽ, ഒക്ടോബർ ഒൻപത് രാത്രി 10 മുതൽ ഒക്ടോബർ 10 രാത്രി 10 വരെ, അതായത് ഒരു ദിവസത്തേക്ക് മാത്രമാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞതെന്ന് സുപ്രീം കോടതിയെ അറിയിച്ചു. ഈ നിയന്ത്രണം മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് മാത്രമായിരുന്നുവെന്നും വൈഫൈ, ബ്രോഡ്‌ബാൻഡ് തുടങ്ങിയ മറ്റ് ഇൻ്റർനെറ്റ്, ടെലികോം സേവനങ്ങളെ ഇത് ബാധിച്ചിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

''നിയമപരമായ വ്യവസ്ഥകളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചുകൊണ്ട്, അടിയന്തര സാഹചര്യങ്ങളിൽ ഇൻ്റർനെറ്റ് സേവനങ്ങൾ തടയാൻ അനുവദിക്കുന്ന തരത്തിൽ 11.10.2026-ലെ ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ഈ ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു," എന്ന് ഗോവിന്ദ് മോഹൻ സത്യവാങ്മൂലത്തിൽ അഭ്യർഥിച്ചു. ഒക്ടോബർ 10ന് രാത്രി 10 മണി വരെ, ഒരു ദിവസത്തേക്ക് മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്‌ക്കണമെന്ന് ഡൽഹി പൊലീസ് അഭ്യർഥിച്ചിരുന്നതായി ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 

കോടതിയുടെ നിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നും മനഃപൂർവ്വമോ ബോധപൂർവ്വമോ ആയ ഒരു ലംഘനവും നടന്നിട്ടില്ലെന്നും ബോധ്യപ്പെടുത്തുന്നതിനായി ചില വസ്തുതകൾ ഈ കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നുവെന്നും മറ്റൊരു സത്യവാങ്മൂലത്തിൽ ഡൽഹി പൊലീസ് കമ്മീഷണറും കോടതിയിൽ അറിയിച്ചു.

ഒക്ടോബർ 10-ന് 'കോക്രോച്ച് ജനതാ പാർട്ടി' ആസൂത്രണം ചെയ്‌ത പ്രതിഷേധത്തിന് മുൻപ് നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി, ചിലർ അക്രമം അഴിച്ചുവിടുകയും പൊതുമുതലിന് കേടുപാടുകൾ വരുത്തുകയും വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. ഇത്തരം സമീപകാല സംഭവങ്ങളും ഒക്ടോബർ 10-നും അതിനുശേഷവും സ്വീകരിച്ച മുൻകരുതൽ നടപടികൾക്ക് കാരണമായിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ദേശീയ തലസ്ഥാനത്ത് പൊതുക്രമം ലംഘിക്കുന്നത് ഒരു പൊലീസ് ഭരണകൂടത്തിനും അനുവദിക്കാനാവില്ല. പ്രത്യേകിച്ചും, ആൾക്കൂട്ട അക്രമങ്ങൾ, പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കൽ, നിരവധി ആളുകൾക്ക് പരിക്കേൽക്കാനിടയാക്കിയ സംഭവങ്ങൾ എന്നിവയിൽ സമീപകാല ചരിത്രമുള്ള ഒരു സംഘടന ഇത്തരമൊരു ആഹ്വാനം നൽകുമ്പോൾ, പൊലീസ് ജാഗ്രത പാലിക്കേണ്ടിവരും. 6, 7, 8 തീയതികളിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കാര്യങ്ങള്‍ ഗൗരവകരമാണെന്ന നിഗമനത്തിലെത്തിയത്.

നിയമാനുസൃതമായ നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുകയോ, അവഗണിക്കുകയോ, തടസപ്പെടുത്തുകയോ ചെയ്തതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത വ്യക്തികളെ പൊലീസ് ലോക്കപ്പുകളിലോ ജയിലുകളിലോ അല്ല പാർപ്പിച്ചിരുന്നതെന്നും മറിച്ച് താൽക്കാലികമായി സജ്ജീകരിച്ച കേന്ദ്രങ്ങളിലാണ് അവരെ താമസിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു. ഡൽഹി പൊലീസ് ഇവർക്ക് നല്ല ഭക്ഷണമാണ് നൽകിയത്. ഇവരെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം അവസാനിച്ചപ്പോൾത്തന്നെ അവിടെ നിന്ന് പോകാൻ അനുവദിച്ചു. ഇത്തരത്തിൽ തടഞ്ഞുവെച്ച സമയം രണ്ട് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ മാത്രമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

ഇതേപോലെ കസ്റ്റഡിയിലെടുത്ത രാഷ്ട്രീയ നേതാക്കളെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയിൽ ഇരിക്കാൻ അഭ്യർഥിക്കുകയും അവരുടെ അന്തസ് പൂർണമായും സംരക്ഷിച്ചുകൊണ്ട് തന്നെ അവർക്ക് ഭക്ഷണം, മറ്റ് സൗകര്യങ്ങൾ എന്നിവ നൽകുകയും ചെയ്‌തു. അവർ വഹിച്ചിരുന്നതോ വഹിച്ചുകൊണ്ടിരിക്കുന്നതോ ആയ ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചത് എന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.

പൊലീസ് അധികൃതർ സ്വീകരിച്ച എല്ലാ നടപടികളും നിയമത്തിന് അനുസൃതമായിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെയും അപ്പപ്പോഴുള്ള സാഹചര്യങ്ങളുടെയും വിലയിരുത്തലിൻ്റെയും അടിസ്ഥാനത്തിലാണ് ഇവ കൈക്കൊണ്ടത്. ഏതെങ്കിലും നിയമപരമായ വ്യവസ്ഥകൾ പ്രയോഗിക്കേണ്ടി വന്നപ്പോഴെല്ലാം ആ വ്യവസ്ഥകൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ട് എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയലക്ഷ്യ ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.