ജനറല്‍ എം എം നരവനെയുടെ 'പ്രസിദ്ധീകരിക്കപ്പെടാത്ത' ഓര്‍മക്കുറിപ്പ് ചോര്‍ന്ന സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു

ജനറല്‍ എം എം നരവനെയുടെ 'പ്രസിദ്ധീകരിക്കപ്പെടാത്ത' ഓര്‍മക്കുറിപ്പ് ചോര്‍ന്ന സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു


ന്യൂഡല്‍ഹി: മുന്‍ സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി എന്ന 'പ്രസിദ്ധീകരിക്കപ്പെടാത്ത' ഓര്‍മക്കുറിപ്പിന്റെ പകര്‍പ്പ് അനുമതിയില്ലാതെ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആവശ്യമായ ഔദ്യോഗിക അനുമതികള്‍ ലഭിക്കാതെ തന്നെ പുസ്തകത്തിന്റെ പ്രീപ്രിന്റ് പതിപ്പ് പ്രചരിക്കുന്നുവെന്ന സാമൂഹിക മാധ്യമങ്ങളിലെയും വാര്‍ത്താ ഫോറങ്ങളിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ നടപടിയെടുത്തത്.

പരിശോധനയില്‍ അതേ പേരിലുള്ള പുസ്തകത്തിന്റെ പി ഡി എഫ് പകര്‍പ്പ് ചില വെബ്സൈറ്റുകളില്‍ ലഭ്യമാണെന്നും ഇത് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയതായാണ് 'തോന്നുന്നതെന്നും' കണ്ടെത്തി. ഇതുകൂടാതെ, ചില ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകളില്‍ പുസ്തകം വില്‍പ്പനയ്ക്കുള്ളതെന്ന തരത്തില്‍ പൂര്‍ത്തിയായ കവര്‍ പ്രദര്‍ശിപ്പിച്ചിരുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ ഔദ്യോഗിക അംഗീകാരം ലഭിക്കാത്ത പ്രസിദ്ധീകരണം ചോര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ പുസ്തകത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ഇപ്പോഴും ലഭിക്കാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ജനറല്‍ എം എം നരവനെ 2019 ഡിസംബര്‍ മുതല്‍ 2022 ഏപ്രില്‍ വരെ ഇന്ത്യയുടെ സൈനിക മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുസ്തകത്തിന്റെ പകര്‍പ്പ് എന്ന് 'അവകാശപ്പെടുന്ന' പതിപ്പ് പ്രദര്‍ശിപ്പിച്ചതിന് ഒരാഴ്ച കഴിഞ്ഞാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2020-ലെ ഇന്ത്യ- ചൈന സംഘര്‍ഷത്തെക്കുറിച്ചുള്ള ആരോപണപരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓര്‍മക്കുറിപ്പില്‍ നിന്ന് ഉദ്ധരിക്കാന്‍ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ അനുമതി നല്‍കിയിരുന്നില്ല.