ഡല്‍ഹിയില്‍ സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയെ കരുതല്‍ തടങ്കലിലാക്കി; എ.ഐ.എസ്.എ പ്രസിഡന്റ് നേഹ ബോറയെ വിട്ടയച്ചു

ഡല്‍ഹിയില്‍ സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയെ കരുതല്‍ തടങ്കലിലാക്കി; എ.ഐ.എസ്.എ പ്രസിഡന്റ് നേഹ ബോറയെ വിട്ടയച്ചു


ന്യൂഡല്‍ഹി: സമാധാനലംഘനത്തിന് സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെയെ ഡല്‍ഹി പൊലീസ് വെള്ളിയാഴ്ച വൈകിട്ട് കരുതല്‍ തടങ്കലിലാക്കി. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.ഐ.എസ്.എ) പ്രസിഡന്റ് നേഹ ബോറയെ ആവശ്യമായ തടങ്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വിട്ടയച്ചു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എന്‍.എസ്.എസ്) 126, 170 വകുപ്പുകള്‍ പ്രകാരമാണ് ദിപ്‌കെയെതിരേ പൊലീസ് നടപടിയെടുത്തത്. കനോട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്ക് സന്ദര്‍ശിക്കരുതെന്ന് നിര്‍ദേശിച്ച് ദിപ്‌കെയ്ക്ക് രണ്ട് നോട്ടീസുകള്‍ നല്‍കിയിരുന്നുവെന്നും ഇവ അവഗണിച്ചതാണ് തടങ്കലിന് കാരണമെന്നും പൊലീസ് അറിയിച്ചു.

സമാധാനം പാലിക്കാമെന്ന വ്യവസ്ഥയില്‍ ദിപ്‌കെ നേരത്തേ 50,000 രൂപയുടെ ബോണ്ട് നല്‍കിയിരുന്നുവെന്നും ഒരു വര്‍ഷത്തേക്ക് പൊതുസമാധാനം തകര്‍ക്കുന്ന നടപടികളില്‍ ഏര്‍പ്പെടരുതെന്ന് നിര്‍ദേശിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ബോണ്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന ആരോപണവും പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ (എസ്.ഇ.എം) കോടതിയില്‍ പൊലീസ് ഉന്നയിച്ചേക്കും. ദിപ്‌കെയെ കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.

ദേശീയ തലസ്ഥാനത്ത് നടന്ന 'ലഹ്‌റാ ദോ തിരംഗ' പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ദിപ്‌കെയെയും നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇരു സംഘടനകളും ആരോപിച്ചു. കസ്റ്റഡിയിലെടുത്തശേഷം നേതാക്കളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും അഭിഭാഷകരെയും സഹപ്രവര്‍ത്തകരെയും ബന്ധപ്പെടാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും സംഘടനകള്‍ നേരത്തേ പരാതിപ്പെട്ടിരുന്നു.

ദിപ്‌കെയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും സി.ജെ.പി എക്‌സിലെ കുറിപ്പില്‍ ആരോപിച്ചു. അഭിഭാഷകരുമായി സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നായിരുന്നു പാര്‍ട്ടിയുടെ പരാതി. സി.ജെ.പിയുടെ നിയമവിഭാഗം മേധാവി രത്‌ന സിങ്ങും ദിപ്‌കെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എക്‌സില്‍ പ്രതികരിച്ചു.

നേഹ ബോറയെ വിട്ടയക്കുന്നതിന് മുമ്പ് മംഗോള്‍പുരിയിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് കേന്ദ്രത്തില്‍ ഒറ്റയ്ക്ക് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് എ.ഐ.എസ്.എ ആരോപിച്ചിരുന്നു. ഡല്‍ഹി പൊലീസ് നിയമത്തിലെ 65ാം വകുപ്പ് പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നേഹയെ വിട്ടയച്ചത്.

തടങ്കലിലായ നേതാക്കള്‍ക്ക് അഭിഭാഷകരുമായി ബന്ധപ്പെടാനും ആവശ്യമായ നിയമസഹായം തേടാനും കഴിയുന്നുണ്ടോ എന്നതിനെച്ചൊല്ലി ഇരു സംഘടനകളും ഉന്നയിച്ച ആരോപണങ്ങള്‍ വിവാദമായിട്ടുണ്ട്. അതേസമയം, ദിപ്‌കെയ്‌ക്കെതിരായ നടപടിയുടെ കാരണങ്ങളും സമാധാന ബോണ്ട് ലംഘിച്ചെന്ന ആരോപണവും മജിസ്‌ട്രേറ്റിനു മുന്നില്‍ പൊലീസ് വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.