വീണ്ടും ഡൽഹി ഇളക്കിമറിച്ച് 'പാറ്റ'കൾ; തന്നെ അറസ്റ്റ് ചെയ്താലും പ്രതിഷേധം തുടരണമെന്ന് അഭിജിത്ത് ദീപ്കെ

വീണ്ടും ഡൽഹി ഇളക്കിമറിച്ച് 'പാറ്റ'കൾ; തന്നെ അറസ്റ്റ് ചെയ്താലും പ്രതിഷേധം തുടരണമെന്ന് അഭിജിത്ത് ദീപ്കെ


ന്യൂഡൽഹി: നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ വൻ പ്രക്ഷോഭം. ഇന്നലെ രാവിലെ ജന്തർ മന്തറിൽ തുടങ്ങിയ പ്രക്ഷോഭം നാളെ രാവിലെ വരെ നീട്ടിയതായി നേതാവ് അഭിജിത് ദീപ്കെ അറിയിച്ചു. രാത്രി സമരത്തിനായി അതിവേഗം കത്ത് നൽകിയെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. തന്നെ അറസ്റ്റ് ചെയ്താലും പ്രതിഷേധം തുടരണമെന്ന് ദീപ്കെ പറഞ്ഞു.  

അവസാനിച്ചാൽ ഉടൻ തന്നെ പ്രതിഷേധക്കാർ വേദി വിട്ടുപോകണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പോലീസിന്റെ വിലക്ക് തള്ളിയ അഭിജിത് ദീപ്കെ, യാതൊരു കാരണവശാലും സമരവേദി വിട്ടുപോകരുതെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പോലീസ് അനുമതി നിഷേധിച്ചാലും രാത്രിയിലും ജന്തർ മന്തറിൽ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. ഇതിനിടെ പ്രതിഷേധക്കാരുമായി ചർച്ചക്ക് തയ്യാറെന്ന് സർക്കാർ അറിയിച്ചെങ്കിലും സി.ജെ.പി ഇത് തള്ളിക്കളഞ്ഞു. സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ മന്ത്രിയുടെ രാജിക്ക് ശേഷം മാത്രമായിരിക്കും ചർച്ചയെന്നാണ് ദീപ്കെ വ്യക്തമാക്കിയത്. സമരം തികച്ചും സമാധാനപരമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിജിത് ദിപ്കെയുടെ ആഹ്വാനപ്രകാരം 'താലിയും ചമ്മച്ചും' (പാത്രങ്ങളും സ്പൂണുകളും) കൊണ്ടാണ് മിക്ക പ്രവർത്തകരും പ്രതിഷേധത്തിനെത്തിയത്. വിദ്യാർത്ഥികളും പാർട്ടി പ്രവർത്തകരും ഒത്തുചേർന്ന് പാത്രങ്ങൾ കൊട്ടി ശബ്ദമുയർത്തിക്കൊണ്ടാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.   പ്രതിഷേധത്തിന് മുന്നോടിയായി, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകളിൽ ഉത്തരവാദിത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദിപ്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.