ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി. വെള്ളിയാഴ്ച ഇ-മെയിൽ വഴിയാണ് ഹൈക്കോടതിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് ജാഗ്രത ശക്തമാക്കി.
ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഡൽഹി പൊലീസുമായി ബന്ധപ്പെട്ടതായി അധികൃതർ അറിയിച്ചു. ബോംബ് സ്‌ക്വാഡും സ്‌നിഫർ ഡോഗ് സംഘവും ഹൈക്കോടതി പരിസരം മുഴുവൻ പരിശോധിച്ചു.
ഭീഷണി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹൈക്കോടതി ജോയിന്റ് സെക്രട്ടറി അഡ്വ. കുനാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ''നിലവിൽ എല്ലാം നിയന്ത്രണത്തിലാണ്. ബോംബ് സ്‌ക്വാഡും സ്‌നിഫർ ഡോഗുകളും പരിശോധന നടത്തുകയാണ്. ഇപ്പോൾ ഭീഷണിയൊന്നുമില്ല''-അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡൽഹിയിലെ മറ്റ് അഞ്ച് സ്ഥലങ്ങൾക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി ഡൽഹി ഫയർ സർവീസ് അറിയിച്ചു. ജാമ്‌നഗർ ഹൗസ്, ജണ്ഡേവാലൻ ഫ്‌ളാറ്റഡ് ഫാക്ടറി കോംപ്ലക്‌സ്, എം.ബി. സാകേത് ഓഫിസ്/ഡി.എം. ഓഫിസ്, ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3, ഡൽഹി കന്റോൺമെന്റ് എസ്.ഡി.എം. ഓഫിസ് എന്നിവിടങ്ങളിലാണ് ഭീഷണി ലഭിച്ചത്.
ഇവിടങ്ങളിലേക്കെല്ലാം ഫയർ ടെൻഡറുകൾ അയച്ചു. സുരക്ഷാ ഏജൻസികൾ നടത്തിയ പരിശോധനയിൽ ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഒരേസമയം വിവിധ കേന്ദ്രങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; അഞ്ച് ഇടങ്ങളിലും ഭീഷണി സന്ദേശം
