ഡൽഹി: ഡൽഹിയിലെ മാളവ്യ നഗറിലെ ഫളോറിഷ് സ്റ്റേ ബി&ബി ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ ലവകേഷ് ബജാജിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. തീപിടിത്ത വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ജനക്കൂട്ടം കണ്ട് ഭയന്നതിനാൽ രക്ഷാപ്രവർത്തനത്തിന് നിൽക്കാതെ മടങ്ങിപ്പോയെന്നാണ് ചോദ്യം ചെയ്യലിനിടെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുകൾ.
സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തിന് സമാനമായ കുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് ബജാജിനെതിരെ കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച സാകേത് കോടതി അദ്ദേഹത്തെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി ഡൽഹി പൊലീസും ക്രൈംബ്രാഞ്ചും ഫോറൻസിക് വിദഗ്ധരും ചേർന്ന് കത്തിനശിച്ച കെട്ടിടത്തിൽ വിശദ പരിശോധന നടത്തി. സമീപവാസികളെയും വ്യാപാരികളെയും ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണ്.
ഹോട്ടലിന് ആറ് മുറികൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ഏകദേശം 25 മുറികൾ പ്രവർത്തിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ബേസ്‌മെന്റിലും മുറികൾ സജ്ജീകരിച്ചിരുന്നുവെന്നും ആവശ്യമായ അനുമതിയില്ലാതെ അധിക നിലകൾ നിർമ്മിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുകയാണ്.
സംഭവസമയത്ത് ഹോട്ടൽ ഉടമയെ വിളിച്ച് വിവരം അറിയിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷിയായ മുഹമ്മദ് വസീം ഖാൻ പറഞ്ഞു. രാവിലെ 8.52ന് നടത്തിയ 26 സെക്കൻഡ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിൽ തീപിടിത്തത്തെക്കുറിച്ച് അറിയിച്ചുവെന്നും തുടർന്ന് ഉടമ സ്ഥലത്തെത്തിയെങ്കിലും അകത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ യാതൊരു ശ്രമവും നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
അഗ്‌നിശമന സേന എത്തുന്നതിന് മുൻപ് പ്രദേശവാസികളും വ്യാപാരികളും ചേർന്നാണ് നിരവധി പേരെ രക്ഷപ്പെടുത്തിയത്. സമീപത്തെ മെത്തക്കട ഉടമ കെട്ടിടത്തിൽ നിന്ന് ചാടുന്നവരുടെ ആഘാതം കുറയ്ക്കാൻ നിലത്ത് മെത്തകൾ വിരിച്ചിട്ടതും ശ്രദ്ധേയമായി.
ഹോട്ടലിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മാനേജർ ജയ് മിശ്രയെയാണ് ഏൽപ്പിച്ചിരുന്നതെന്ന് ബജാജ് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ജയ്മിശ്രയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
ഡൽഹി ഫയർ സർവീസിന്റെ നിർബന്ധിത എൻഒസി ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും നിരവധി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിരുന്നുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തലസ്ഥാനത്തെ സമീപകാലത്തെ ഏറ്റവും വലിയ ഹോട്ടൽ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരാനിടയുണ്ട്.
ഡൽഹി ഹോട്ടൽ തീപിടിത്തം: രക്ഷാപ്രവർത്തനത്തിന് നിൽക്കാതെ മടങ്ങിയെന്ന് ഉടമയുടെ മൊഴി; കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ശക്തമാക്കി
