ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22-ന് ഡൽഹിയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് പോയ വിമാനമാണ് അതിർത്തി ലംഘിച്ചത്. സാങ്കേതിക കാരണങ്ങളാൽ ദിശ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി നടത്തിയ പറക്കലിനിടെയാണ് വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ട്രാഫിക് കൺട്രോളിൽനിന്നുള്ള നിർദ്ദേശങ്ങൾ പിന്തുടരുന്നതിനിടയിൽ അബദ്ധത്തിൽ വിമാനം അന്താരാഷ്ട്ര അതിർത്തി കടക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. സംഭവം ഡിജിസിഎയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
AI479 എന്ന വിമാനമാണ് അട്ടാരിക്ക് സമീപമുള്ള അന്താരാഷ്ട്ര അതിർത്തിയിലൂടെ നേരിയ തോതിൽ കടന്ന് പാകിസ്ഥാൻ വ്യോമാതിർത്തിയിലേക്ക് കടന്നത്. രണ്ട് മിനിറ്റിൽ താഴെ മാത്രമേ ലംഘനം ഉണ്ടായിരുന്നുള്ളൂ.പാകിസ്ഥാൻ അതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ പൈലറ്റ് സ്ഥിതി മനസ്സിലാക്കുകയും വിമാനം തിരിച്ചുവിട്ട് ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാൽ അമൃത്സറിലിറക്കാതെ വിമാനം ഡൽഹിയിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോയി ലാൻഡ് ചെയ്യിക്കുകയായിരുന്നു. സാധാരണയായി നടത്തുന്ന ഒരു 'ഗോ-എറൗണ്ട്' പ്രക്രിയയ്ക്കിടയിലാണ് ഈ ചെറിയ വീഴ്ച സംഭവിച്ചതെന്നും ഡിജിസിഎയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
അമൃത്സർ വിമാനത്താവളത്തിലെ കനത്ത തിരക്കാണ് സംഭവത്തിന് കാരണം. സംഭവത്തിൽ യാത്രാ സുരക്ഷയ്ക്ക് യാതൊരുവിധ ഭീഷണിയും ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് ആഭ്യന്തരമായി അന്വേഷണം നടത്തിവരികയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു.
സമാനമായ സാഹചര്യത്തിൽ ഒരു പാകിസ്ഥാൻ വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ഏതാനും ദിവസങ്ങൾക്ക് പിന്നാലെയാണ് ഈ സംഭവം. ജൂൺ 12 ന്, ലാഹോറിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്തിയിരുന്ന ഫ്ലൈ ജിന്ന വിമാനം 9P514 (FJL514) ആണ് പ്രതികൂല കാലാവസ്ഥ പ്രശ്നം മൂലം റൂട്ടിൽ നിന്ന് വ്യതിചലിച്ച് പഞ്ചാബിന് മുകളിലൂടെ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് കടന്നത്. പ്രശ്നം മാറിയതോടെ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു; അന്വേഷണം
