ഗുവാഹത്തി: അസമില്‍ തുടരുന്ന കനത്ത പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി ഉയര്‍ന്നു. സംസ്ഥാന ദുരന്ത റിപ്പോര്‍ട്ടിങ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (ഡി ആര്‍ ഐ എം എസ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സിവാസാഗര്‍ ജില്ലയില്‍ ഏഴ് പേരാണ് ഏറ്റവും ഒടുവില്‍ മരിച്ചത്.
സിവാസാഗര്‍, ചരൈദേവ്, ഗോലാഘട്ട്, ജോര്‍ഹട്ട്, നാഗാവ്, സോനിത്പൂര്‍, കമ്രൂപ് (മെട്രോപൊളിറ്റന്‍) എന്നീ ഏഴ് ജില്ലകളിലാണ് പ്രളയബാധ തുടരുന്നത്.
ഡി ആര്‍ ഐ എം എസ് റിപ്പോര്‍ട്ട് പ്രകാരം, 21 റവന്യൂ സര്‍ക്കിളുകളിലായി 622 ഗ്രാമങ്ങളിലെ 3,32,639 പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. കൃഷിയിടങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. 45,341.98 ഹെക്ടര്‍ കൃഷിഭൂമി ഇപ്പോഴും വെള്ളത്തിനടിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ നദികളില്‍ നുമാലിഗഢിലെ ധന്‍സിരി നദി അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുകയാണ്. എന്നാല്‍ ഒരു നദിയും ഇതുവരെ ഏറ്റവും ഉയര്‍ന്ന പ്രളയനില മറികടന്നിട്ടില്ല.
മരണസംഖ്യ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രളയബാധിത കുടുംബങ്ങള്‍ക്കായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വിവിധ ദുരിതാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു.
ജനങ്ങളെ പിന്തുണയ്ക്കാനും അവരുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ സഹായിക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
പുതുക്കിയ ദുരിതാശ്വാസ പാക്കേജ് പ്രകാരം പ്രളയവുമായി ബന്ധപ്പെട്ട മരണങ്ങള്‍ക്ക് നല്‍കുന്ന 4 ലക്ഷം രൂപയുടെ എക്‌സ്‌ഗ്രേഷ്യ ധനസഹായം ലഭിക്കുന്നതിന് പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമെന്ന വ്യവസ്ഥ സര്‍ക്കാര്‍ ഒഴിവാക്കി.
ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. ഇതോടെ പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ആകെ ധനസഹായം 9 ലക്ഷം രൂപയായി.
30 ദിവസത്തിലേറെ കാണാതായവരുടെ കുടുംബങ്ങള്‍ക്കും 4 ലക്ഷം രൂപയുടെ എക്‌സ്‌ഗ്രേഷ്യ ധനസഹായത്തിന് അര്‍ഹതയുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രളയത്തില്‍ ഗുരുതരമായി ബാധിക്കപ്പെട്ട ഒരു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് അവശ്യ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി 15,000 രൂപ വീതം അടിയന്തര സഹായമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, അസം സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതിയായ അരുണോദോയ് ഓഗസ്റ്റ് 1 മുതല്‍ പുനരാരംഭിക്കും. ചരൈദേവ്, ജോര്‍ഹട്ട്, ഗോലാഘട്ട്, സിവാസാഗര്‍ ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് ഓഗസ്റ്റ് മാസത്തേക്ക് പ്രത്യേകമായി 2,500 രൂപ ലഭിക്കും.
പ്രളയബാധിത വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 മുതല്‍ ഗുരുതരമായി ബാധിച്ച ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായം നല്‍കും.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് 1,000 രൂപ മുതല്‍ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് 5,000 രൂപ വരെ പുസ്തക ഗ്രാന്റായി ലഭിക്കും.
കൂടാതെ, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പാഠപുസ്തകങ്ങള്‍, സ്‌കൂള്‍ യൂണിഫോം വാങ്ങുന്നതിനുള്ള സഹായം, നഷ്ടപ്പെട്ട പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും സൗജന്യമായി പുനര്‍നല്‍കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
