മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാന് വധഭീഷണി. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പേരില്‍ സമൂഹമാധ്യമത്തിലൂടെയാണ് വധഭീഷണി എത്തിയത്. ഭീഷണി സന്ദേശത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.
ആമിര്‍ ഖാനോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. വധഭീഷണി സംബന്ധിച്ച സമൂഹമാധ്യമ പോസ്റ്റും വോയ്‌സ് ക്ലിപ്പും വിശദമായി പരിശോധിക്കുകയാണെന്ന് മുംബൈ പൊലീസ് കമ്മിഷണര്‍ ദേവന്‍ ഭാരതി പറഞ്ഞു.
അര്‍സു ബിഷ്ണോയ്, ടൈസണ്‍ ബിഷ്ണോയ് എന്നു പരിചയപ്പെടുത്തിയ രണ്ട് പേരാണ് സമൂഹമാധ്യമ പോസ്റ്റും ശബ്ദസന്ദേശവും പങ്കുവെച്ചതെന്നാണ് പൊലീസ് പറയുന്നത്. തങ്ങള്‍ ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടവരാണെന്നും അവര്‍ അവകാശപ്പെട്ടിട്ടുണ്ട്.
ആമിര്‍ ഖാന്‍ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്നാണ് സന്ദേശത്തിലെ ആരോപണം. ഗൗരി സ്പ്രാറ്റുമായുള്ള ആമിറിന്റെ മൂന്നാം വിവാഹത്തെ പരാമര്‍ശിച്ചാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്ക് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണികള്‍ വര്‍ഷങ്ങളായി തുടരുന്നുണ്ട്. ഇതിനു പിന്നാലെയാണ് ആമിര്‍ ഖാനെതിരെയും സമാന രീതിയിലുള്ള ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
