ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (DRDO) ഡാറ്റകൾ ചോർന്നതായി സംശയം. ഡിആർഡിഒയുമായി ബന്ധപ്പെട്ട 31 ജിബി രേഖകളാണ് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് എന്നാണ് സൂചന. ഈ രേഖകൾ 8,000 ഡോളറിന് വില്പനയ്ക്ക് വെച്ചതായി ആണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിബൈ സൈബർ ഫോറൻസിക് എന്ന സ്ഥാപനം കണ്ടെത്തിയത്.
പത്ത് ദിവസം മുമ്പാണ് രേഖകള്‍ ഡാർക്ക് വെബിൽ വില്‍പ്പനയ്ക്ക് വെച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രതിരോധ മേഖലയിലെ രഹസ്യ രേഖകൾ അടക്കം 31 ജിബി ഫയലുകൾ വിൽപനയ്ക്ക് വച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്. മിസൈൽ സംവിധാനങ്ങളുടെ രേഖകൾ അടക്കം വിൽപനയക്കുണ്ടെന്നാണ് അവകാശവാദം. സാമ്പിൾ രേഖകളിൽ ശാസ്ത്രജ്ഞരുടെ ഒപ്പുകളുമുണ്ട്. റെസ്ട്രിക്റ്റഡ് എന്ന രേഖപ്പെടുത്തിയിരിക്കുന്ന ഡോക്കുമെന്‍റ് പരിശോധിക്കുമ്പോൾ രാജ്യം പൂർത്തിയാക്കിയ പദ്ധതിയുടേതെന്ന് വ്യക്തം. 8000 യുഎസ് ഡോളറാണ് രേഖകൾക്കായി ആവശ്യപ്പെടുന്നത്. അടിയന്തര ഡിജിറ്റൽ ഫോറൻസിക് പരിശോധന വേണമെന്നാണ് സൈബർ വിദഗ്ധർ ആവശ്യപ്പെടുന്നത്.
അതേസമയം, രേഖകളുടെ ആധികാരികത സംബന്ധിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള വിഷയമായതിനാൽ സമഗ്രമായ ഫോറൻസിക് അന്വേഷണം അടിയന്തരമായി നടത്തണമെന്ന് സൈബർ സുരക്ഷാ വിദഗ്ധരുടെ വാദം.
മിസൈൽ രേഖകൾ അടക്കം ഡിആർഡിഒ ഡാറ്റകൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് കണ്ടെത്തൽ
