എന്നെ ഭൂമിലേക്ക് അയച്ചത് ദൈവം; ഞാന്‍ വെറും ഉപകരണം- നരേന്ദ്രമോഡി

എന്നെ ഭൂമിലേക്ക് അയച്ചത് ദൈവം; ഞാന്‍ വെറും ഉപകരണം- നരേന്ദ്രമോഡി


ന്യൂഡല്‍ഹി: ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുകയാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. ദൈവത്തിന്റെ ഒരു ഉപകരണമാണ് താന്‍. തന്റെ ഊര്‍ജം ജൈവികപരമല്ല, ദൈവം കനിഞ്ഞു നല്‍കിയതാണെന്നും മോഡി പറഞ്ഞു. അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് മോഡി ഇത്തരമൊരു അവകാശവാദം നടത്തിയത്. അതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിയാളുകളാണ് വിഡിയോക്ക് താഴെ പ്രതികരിച്ചിട്ടുള്ളത്. തന്നെ വിശ്വസിക്കുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും അതിന്റെ എല്ലാ നന്മകളും ഗുണവും ലഭിക്കുമെന്നും മോഡി പറഞ്ഞു.

'ഏതൊരാളെയും പോലെയാണ് ഞാനും ജനിച്ചത് എന്നായിരുന്നു അമ്മ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ അമ്മ മരിച്ചപ്പോള്‍, എന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളെല്ലാം പരിശോധിച്ചുനോക്കിയപ്പോള്‍ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസിലായി. എന്റെ ശരീരത്തിലെ ഊര്‍ജം കേവലം ജൈവികമായ ഒന്നല്ല, തീര്‍ച്ചയായും അത് ദൈവികപരമാണ്. ലക്ഷ്യം നേടാന്‍ ദൈവം എനിക്ക് കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാല്‍ എന്തുകാര്യം ചെയ്യുമ്പോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസം.''-എന്നാണ് ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞത്.

2019 നെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇക്കുറി കൂടുതല്‍ സജീവമായതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇക്കുറി മോഡിക്ക് കൂടുതല്‍ ഊര്‍ജം കൈവന്നതായി തോന്നുന്നുവെന്നും ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിരുന്നു. അതാണ് അത് ദൈവത്തിന്റെ കളിയെന്നാണ് മോഡി മറുപടി പറഞ്ഞത്.