അയോധ്യ ക്ഷേത്രക്കൊള്ള: അന്വേഷണം സിബിഐക്ക് വിട്ടേക്കും; സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ്

അയോധ്യ ക്ഷേത്രക്കൊള്ള: അന്വേഷണം സിബിഐക്ക് വിട്ടേക്കും; സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ്


അയോധ്യ: രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറിയേക്കും. സാമ്പത്തിക കുറ്റകൃത്യത്തിന്റെ സ്വഭാവമുള്ള കേസായതിനാൽ കൂടുതൽ വ്യാപകമായ അന്വേഷണം ആവശ്യമാണെന്നാണ് യുപി സർക്കാരിന്റെ വിലയിരുത്തൽ. സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസിക്കോ കേസ് കൈമാറാനുള്ള സാധ്യത സർക്കാർ പരിശോധിച്ചു വരികയാണ്. 

സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അയോധ്യ പോലീസ് സംഘമാണ് രാമക്ഷേത്രത്തില്‍ നടന്ന കോടികളുടെ കൊള്ളയെ കുറിച്ച് അന്വേഷണം നടത്തുന്നത്. നഷ്ടപ്പെട്ട പണമോ ആഭരണമോ എത്രയെന്ന് ഇനിയും തിട്ടപ്പെടുത്താന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക സംഘത്തിനായിട്ടില്ല. വലിയ സാമ്പത്തിക തിരിമറി നടന്ന കേസായതിനാലാണ് സിബിഐക്കോ ഇഡിക്കോ വിട്ടാലോയെന്ന ആലോചന യുപി സര്‍ക്കാരിലുള്ളത്. എന്നാല്‍, പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ട്രസ്റ്റിനെതിരെ ആരോപണം കടുക്കുമ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതും കണക്കായിരിക്കുമെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ  മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. 

സംസ്ഥാന സർക്കാരിന്റെ അറിയിപ്പ് ലഭിച്ചാൽ ഉടൻ തന്നെ ഇഡി സംഘം അയോധ്യയിലെത്താൻ തയ്യാറെടുത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. നിലവിൽ യുപി പൊലീസ് നടത്തുന്ന അന്വേഷണ റിപ്പോർട്ടുകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇഡി ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുക. അതിനിടെ, സംഭാവന തട്ടിപ്പ് കേസില്‍ ട്രസ്റ്റ് മുൻ ജനറല്‍ സെക്രട്ടറി ചമ്പത് റായ്ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകി.