ന്യൂഡല്‍ഹി : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ സന്ദര്‍ശനത്തിനനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ വെള്ളിയാഴ്ച രാത്രി സംഘടിപ്പിച്ച അത്താഴവിരുന്നിലേക്കുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയാണ് തുറന്നടിച്ചത്. സ്വന്തം പാര്‍ട്ടിയിലെ പ്രധാന നേതാക്കളായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും ക്ഷണം ലഭിക്കാത്ത സാഹചര്യത്തില്‍ ശശി തരൂര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് ഖേര പറഞ്ഞു.
'എന്റെ നേതാക്കളെ ക്ഷണിക്കാതെയും എന്നെ മാത്രമായി ക്ഷണിച്ചാല്‍, എന്തു കളിയാണ് നടക്കുന്നത്, ആരാണ് ആ കളി നടത്തുന്നത്, അതിന്റെ ഭാഗമാകരുതെന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്,' എന്നാണ് ഖേരയുടെ പ്രതികരണം. ക്ഷണം വന്നത് തന്നെ അതിശയിപ്പിക്കുന്നതാണെന്നും അത് സ്വീകരിച്ചതും അങ്ങനെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഓരോരുത്തരുടെ ആത്മബോധത്തിനും പറയാനുള്ളത് ഉണ്ടാകും,' ഖേര പറഞ്ഞു.
ഇതിനിടെ, രാഷ്ട്രപതി ഭവനില്‍ പുടിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച വിരുന്നിലേക്ക് രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേശ് എക്‌സിലൂടെ സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാക്കളെ വിദേശ അതിഥികളുമായി നടത്തുന്ന ഔദ്യോഗിക പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മോഡി സര്‍ക്കാരിനെതിരെ ഉന്നയിച്ചിരുന്നു.
അതേസമയം, വിരുന്നില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍ സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാതിരുന്നത് ശരിയല്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. 'ഏത് അടിസ്ഥാനത്തിലാണ് ക്ഷണങ്ങള്‍ നല്‍കുന്നതെന്ന് അറിയില്ല. എന്നാല്‍ ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കും. പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാതിരുന്നത് ശരിയല്ല,' എന്നാണ് തരൂരിന്റെ പ്രതികരണം.
പുടിന്റെ അത്താഴവിരുന്നിലേക്കുള്ള ക്ഷണം സ്വീകരിച്ചത് തെറ്റെന്ന് കോണ്‍ഗ്രസ്; ശശി തരൂരിനെതിരെ പവന്‍ ഖേരയുടെ വിമര്‍ശനം
