'അവിടെ സാഹചര്യം അതീവ ഗുരുതരം'; ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി

'അവിടെ സാഹചര്യം അതീവ ഗുരുതരം'; ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി


ന്യൂഡല്‍ഹി: അക്രമാത്മക പ്രതിഷേധങ്ങള്‍ രൂക്ഷമായ ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. വിദ്യാര്‍ഥികളും തീര്‍ഥാടകരുമുള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇറാനിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യക്കാര്‍ രാജ്യം വിട്ടുപോകണമെന്ന് വിദേശകാര്യ മന്ത്രാലയം (MEA) നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ഇറാനിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ അടുത്ത് നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ രൂക്ഷമായതോടെ ഇറാന്‍ താല്‍ക്കാലികമായി വ്യോമപാത അടച്ചിരുന്നെങ്കിലും പിന്നീട് നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് നിരവധി ഇന്ത്യക്കാര്‍ മടങ്ങാന്‍ തീരുമാനിച്ചത്.

ഇറാനിലെ ഇന്ത്യന്‍ എംബസി പൂര്‍ണമായി സഹകരിച്ചെന്നും അവിടത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും ആയിരുന്നു ഡല്‍ഹിയില്‍ എത്തിയ യാത്രക്കാരില്‍ ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
'അവിടെ അവസ്ഥ വളരെ മോശമാണ്. ഇന്ത്യ സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കിയത്. എത്രയും വേഗം ഇറാന്‍ വിടണമെന്ന് എംബസി ഞങ്ങളെ അറിയിച്ചിരുന്നു. 'മോദിജി ഉണ്ടെങ്കില്‍ എല്ലാം സാധ്യം',' അദ്ദേഹം പറഞ്ഞു.

മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു: 'ഒരു മാസം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചകളിലാണ് കാര്യങ്ങള്‍ വഷളായത്. പുറത്തുപോയാല്‍ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ വരുമായിരുന്നു. ചിലപ്പോള്‍ തടസ്സങ്ങള്‍ ഉണ്ടായി. ഇന്റര്‍നെറ്റ് പൂര്‍ണമായി നിലച്ചതിനാല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. എംബസിയുമായും ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുണ്ടായി.'

ഇറാനിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. എന്നാല്‍ ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ രക്ഷാപ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയിട്ടുണ്ട്.

ഡിസംബര്‍ 28ന് ടെഹ്‌റാനിലെ ഗ്രാന്‍ഡ് ബസാറില്‍ ആരംഭിച്ച പ്രതിഷേധങ്ങളാണ് രാജ്യവ്യാപകമായ അശാന്തിക്ക് വഴിവെച്ചത്. ഇറാന്‍ കറന്‍സിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞത്, ജലക്ഷാമം, ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി മുടക്കം, തൊഴിലില്ലായ്മ, കുതിച്ചുയരുന്ന വിലക്കയറ്റം തുടങ്ങിയവയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.
കഴിഞ്ഞ ആറു മാസത്തിനിടെ റിയാലിന്റെ മൂല്യം ഏകദേശം 40 ശതമാനം വരെ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. 2025 ജൂണില്‍ ഇസ്രയേലുമായുണ്ടായ 12 ദിവസത്തെ സംഘര്‍ഷവും യുഎന്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചതുമാണ് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയത്.