"നിർബന്ധിത വിരമിക്കൽ ശിക്ഷയല്ല, അപമാനവുമല്ല"; ജീവനക്കാരുടെ കാര്യത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി


ന്യൂഡൽഹി: സർക്കാർ-പൊതുമേഖലാ ജീവനക്കാരുടെ സർവീസ് സംബന്ധിച്ച കാര്യങ്ങളിൽ നിർണായകമായ നിരീക്ഷണവുമായി സുപ്രീം കോടതി. പൊതുതാൽപ്പര്യാർത്ഥം ഒരു ജീവനക്കാരന് നൽകുന്ന നിർബന്ധിത വിരമിക്കൽ ഉത്തരവ് ഒരു തരത്തിലുള്ള ശിക്ഷാനടപടിയോ അല്ലെങ്കിൽ ആ വ്യക്തിയുടെ കരിയറിന് മേൽ വീഴുന്ന കളങ്കമോ അല്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. രണ്ടം​ഗ ബെഞ്ചിൻ്റേതാണ് ഈ സുപ്രധാന വിധിന്യായം.

നിർബന്ധിത വിരമിക്കലിനെ ഒരു അച്ചടക്ക നടപടിയായോ അല്ലെങ്കിൽ ജീവനക്കാരനെ ശിക്ഷിക്കുന്ന രീതിയായോ കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വകുപ്പുതല നടപടികളുടെ ഭാഗമായി ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോൾ അയാൾക്ക് ലഭിക്കേണ്ട പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാം. എന്നാൽ നിർബന്ധിത വിരമിക്കലിൽ അങ്ങനെയല്ല. ഭരണഘടനാപരമായ എല്ലാ പെൻഷൻ ആനുകൂല്യങ്ങൾക്കും ആ ജീവനക്കാരൻ അർഹനാണ്. ഈ ഉത്തരവ് ജീവനക്കാരൻ്റെ സ്വഭാവശുദ്ധിക്കോ ഔദ്യോഗിക ജീവിതത്തിനോ മേൽ ഒരു കറുത്ത പാടായി മാറുന്നില്ല. സർവീസിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഭരണപരമായ ആവശ്യങ്ങൾക്ക് മാത്രമാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ഛത്തീസ്‌ഗഢ് സർക്കാർ തങ്ങളുടെ 14 ജീവനക്കാരിൽ അഞ്ച് പേർക്ക് പുറപ്പെടുവിച്ച നിർബന്ധിത വിരമിക്കൽ ഉത്തരവ് ശരിവെച്ചുകൊണ്ട് ജസ്റ്റിസുമാരായ മൻമോഹൻ, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരെ നിർബന്ധിതമായി വിരമിപ്പിക്കാൻ 2017ൽ സർക്കാർ പുറപ്പെടുവിച്ച സർക്കുലർ ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെ, 2023 ഏപ്രിൽ 12ലെ ഛത്തീസ്‌ഗഢ് ഹൈക്കോടതി വിധി ശരിവച്ചിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി അംഗീകരിച്ചത്. സമാനമായ സാഹചര്യത്തിലുള്ള മറ്റ് ജീവനക്കാരെ വിരമിപ്പിച്ചിട്ടില്ലെന്ന ഹർജിക്കാരുടെ വാദവും കോടതി തള്ളി.

ഇത്തരം ഉത്തരവുകൾ ഒരു ജീവനക്കാരൻ്റെ പെരുമാറ്റത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നും ജീവനക്കാരൻ ഏതെങ്കിലും തരത്തിലുള്ള അച്ചടക്കലംഘനം നടത്തിയെന്നല്ല ഇതിനർഥമെന്നും കോടതി വ്യക്തമാക്കി. ഒരു ജീവനക്കാരൻ തുടർന്നും സേവനത്തിൽ തുടരുന്നത് പൊതുതാൽപ്പര്യത്തിന് ഗുണകരമല്ലെന്ന് ബന്ധപ്പെട്ട അധികാരിക്ക് ബോധ്യപ്പെടുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടിയെടുക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. "നിർബന്ധിത വിരമിക്കൽ ഉത്തരവ് ശിക്ഷാപരമായതോ തരംതാഴ്‌ത്തുന്ന രീതിയിലോ അല്ല. അത്തരമൊരു ഉത്തരവ് ജീവനക്കാരൻ്റെ പെരുമാറ്റത്തെക്കുറിച്ച് മോശമായ പരാമർശങ്ങളൊന്നും നടത്തുന്നില്ല, കൂടാതെ ജീവനക്കാരൻ അച്ചടക്കലംഘനം നടത്തിയെന്ന് ഇതിൽ നിന്ന് അർഥമാക്കുന്നുമില്ല" കോടതി പറഞ്ഞു.

"ഒരു ഉദ്യോഗസ്ഥൻ സേവനത്തിന് അയോഗ്യനായി മാറിയോ, അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ തുടർച്ചയായ സേവനം ഭരണപരമായ കാര്യക്ഷമതയ്ക്ക് ദോഷകരമാകുമോ എന്നത് സംബന്ധിച്ച അന്തിമ വിലയിരുത്തൽ ഭരണകൂടത്തിൻ്റെ അധികാരപരിധിയിൽ വരുന്നതാണ്. എന്നാൽ, വെറും ഊഹങ്ങളുടെയോ തോന്നലുകളുടെയോ അടിസ്ഥാനത്തിൽ ഇത്തരമൊരു ബോധ്യം രൂപീകരിക്കാൻ പാടില്ല. മറിച്ച്, രേഖകളിൽ ലഭ്യമായ വസ്‌തുനിഷ്‌ഠവും പ്രസക്തവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം ഇത് തീരുമാനിക്കാൻ" കോടതി വ്യക്തമാക്കി.

സമാനമായ സേവന ചരിത്രമുള്ള മറ്റൊരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ല എന്ന കാരണത്താൽ മാത്രം ഒരാൾക്ക് തനിക്കെതിരായ നിർബന്ധിത വിരമിക്കൽ ഉത്തരവിനെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഒരു ജീവനക്കാരൻ്റെ ഉപയോഗക്ഷമത, സത്യസന്ധത, കാര്യക്ഷമത, മൊത്തത്തിലുള്ള സേവന ചരിത്രം എന്നിവ വിലയിരുത്തുന്നത്, ആ ജീവനക്കാരനെ സംബന്ധിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരി നടത്തുന്ന ഒരു വ്യക്തിഗത പരിശോധനയിലൂടെയാണെന്നും കോടതി കൂട്ടിച്ചേർത്തു. സമാന സാഹചര്യത്തിലുള്ള ഒരാൾക്കെതിരെ നടപടിയെടുക്കുകയും മറ്റൊരാളെ ഒഴിവാക്കുകയും ചെയ്‌തു എന്നതുകൊണ്ട് മാത്രം ആ നടപടി ഭരണഘടനാ വിരുദ്ധമോ വിവേചനപരമോ ആകുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. 

"ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിൽ പ്രതിപാദിച്ചിരിക്കുന്ന സമത്വമെന്ന തത്വം ഒരു ക്രിയാത്മകമായ ആശയമാണ്. 'നിഷേധാത്മക സമത്വം' എന്ന വാദത്തിന് ഇതിൽ ഇടമില്ല. ഒരാൾക്ക് അനുകൂലമായി നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്യുകയോ അല്ലെങ്കിൽ അയാൾക്കെതിരായ ഒരു നടപടി ഒഴിവാക്കുകയോ ചെയ്‌താൽ, അതേ ആനുകൂല്യങ്ങൾ മറ്റൊരാൾക്ക് നൽകണമെന്ന് ആവശ്യപ്പെടാൻ പാടില്ലെന്ന് ഈ കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, സമാനമായ മറ്റൊരു തെറ്റ് തുടർന്നും ആവർത്തിക്കാൻ അതിനെ ഒരു ന്യായീകരണമായി ഉപയോഗിക്കാൻ പാടില്ല" കോടതി നിരീക്ഷിച്ചു.

അത്തരം സാഹചര്യങ്ങളിൽ സർക്കാർ തന്നെ അധികാരം വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളോ നിബന്ധനകളോ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, ആ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് കോടതി പരിശോധനയുടെ പരിധിയിൽ വരുന്നത്. "അതുകൊണ്ട്, നിർബന്ധിത വിരമിക്കൽ ഉത്തരവുകൾക്ക്, ജീവനക്കാരൻ്റെ ഉപയോഗക്ഷമതയെക്കുറിച്ചും കാര്യക്ഷമതെയക്കുറിച്ചും തെളിയിക്കുന്ന രേഖകൾ - അതായത് വാർഷിക റിപ്പോർട്ടുകൾ, സത്യസന്ധതയെക്കുറിച്ചുള്ള വിലയിരുത്തലുകൾ, പ്രവർത്തനക്ഷമതാ വിലയിരുത്തലുകൾ, മറ്റ് സേവന രേഖകൾ എന്നിവ പോലുള്ള കൃത്യമായ തെളിവുകൾ ഉണ്ടായിരിക്കണം" കോടതി പറഞ്ഞു.

ഒരു ഭരണപരമായ തീരുമാനത്തിനെതിരെ അപ്പീൽ കേൾക്കുന്നതുപോലെ, കോടതി ഈ രേഖകളെ വീണ്ടും പരിശോധിക്കുകയോ അവയുടെ മൂല്യം പുനർനിർണയിക്കുകയോ ചെയ്യുകയല്ല ജുഡീഷ്യൽ റിവ്യൂവിലൂടെ ചെയ്യുന്നത് എന്ന് ബെഞ്ച് വ്യക്തമാക്കി. "പ്രസക്തമായ രേഖകൾ ഉണ്ടായിരുന്നോ, ബന്ധപ്പെട്ട അധികാരികൾ ഈ രേഖകൾ പരിഗണിച്ചിരുന്നോ, അതിൽ നിന്ന് എത്തിച്ചേർന്ന നിഗമനം ഒരു യുക്തിബോധമുള്ള വ്യക്തിക്ക് എത്തിച്ചേരാവുന്ന ഒന്നാണോ, ഇക്കാര്യങ്ങൾ മാത്രമാണ് കോടതി പരിശോധിക്കുന്നത്. ഈ നിബന്ധനകൾ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, തീരുമാനമെടുക്കാൻ ചുമതലപ്പെട്ട അധികാരിയുടെ അഭിപ്രായത്തിന് പകരം കോടതി സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കുകയില്ല" കോടതി പറഞ്ഞു.

തീരുമാനം തെളിവുകളൊന്നുമില്ലാതെ എടുത്തതാണെന്നോ, കാര്യങ്ങൾ വേണ്ടവിധം ആലോചിക്കാതെ എടുത്തതാണെന്നോ, തികച്ചും ഏകപക്ഷീയമോ യുക്തിരഹിതമോ ആണെന്നോ, അല്ലെങ്കിൽ ദുരുദ്ദേശ്യപരമാണെന്നോ തെളിയുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ഒരു നിർബന്ധിത വിരമിക്കൽ ഉത്തരവിൽ കോടതി ഇടപെടുന്നതെന്ന് കോടതി കൂട്ടിച്ചേർത്തു. ബാധിക്കപ്പെട്ട ജീവനക്കാരുടെ കാര്യത്തിൽ, അവരെ നിർബന്ധിതമായി വിരമിപ്പിക്കുന്നതിന് ഉചിതമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി വിലയിരുത്തി. ഭരണപരമായ നിലവാരം നിലനിർത്തുന്നതിനും പൊതുസേവനത്തിൽ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമായി സ്ക്രീനിങ് കമ്മിറ്റി നൽകിയ ശുപാർശകൾ, ജീവനക്കാരുടെ ഉപയോഗക്ഷമത, കാര്യക്ഷമത, അനുയോജ്യത എന്നിവയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലുള്ളതാണെന്നും കോടതി വ്യക്തമാക്കി.

"അതുകൊണ്ട്, അപ്പീൽ നൽകിയ ജീവനക്കാരെ നിർബന്ധിത വിരമിക്കലിനായി പരിഗണിച്ചപ്പോൾ ഉപയോഗിച്ച മാനദണ്ഡങ്ങളും നിബന്ധനകളും സമാന സാഹചര്യങ്ങളിലുള്ള എല്ലാ ജീവനക്കാർക്കും ഒരേപോലെ ബാധകമാണെന്ന് ഈ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വിവേചനപരമായ പെരുമാറ്റം നടത്തിയതായോ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയതായോ തെളിയിക്കപ്പെട്ടിട്ടില്ല," കോടതി വ്യക്തമാക്കി. യോഗ്യരായ എല്ലാ ജീവനക്കാർക്കും ഈ മാനദണ്ഡങ്ങൾ ഏകീകൃതമായും സമഗ്രമായും ബാധകമാക്കിയെന്നും അവരുടെ സേവന രേഖകൾ വിശദമായി പരിശോധിച്ചതിന് ശേഷമാണ്, മൊത്തത്തിലുള്ള സേവന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് ജീവനക്കാരെ സ്ക്രീനിങ് കമ്മിറ്റി കണ്ടെത്തിയതെന്നും ബെഞ്ച് അറിയിച്ചു.