പൂനെ: വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) പൂനെയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അഞ്ച് പ്രധാന ആവശ്യങ്ങൾ മന്നോട്ടുവച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി ജൂൺ 12 മുതൽ 20 വരെ വിവിധ നഗരങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിജെപി അറിയിച്ചു.
പരീക്ഷ ചോർച്ച, പരീക്ഷ റദ്ദാക്കൽ, ഫലം വൈകൽ തുടങ്ങിയ സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആദ്യ ആവശ്യം. ഫലം ഒരു മാസത്തിൽ കൂടുതൽ വൈകിയാൽ ഓരോ മാസത്തിനും അധിക നഷ്ടപരിഹാരവും നൽകണമെന്നാണ് നിലപാട്.
പരീക്ഷ റദ്ദാക്കുകയോ ചോർന്നുപോകുകയോ ചെയ്താൽ 72 മണിക്കൂറിനകം പുനഃപരീക്ഷ നടത്താൻ മുൻകൂട്ടി ബദൽ തീയതിയും സംവിധാനവും ഒരുക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
പേപ്പർ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷകളുടെ മൂല്യനിർണയം ഡിജിറ്റൽ രീതിയിലല്ല, സുതാര്യമായ മാനുവൽ രീതിയിലാകണമെന്നും സിജെപി ആവശ്യപ്പെട്ടു. സർക്കാർ കാരണങ്ങളാൽ പരീക്ഷകൾ വൈകുമ്പോൾ ഉദ്യോഗാർഥികളുടെ പ്രായപരിധി അതനുസരിച്ച് സ്വമേധയാ നീട്ടണമെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾക്ക് മുമ്പ് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സ്വതന്ത്ര സാങ്കേതിക ഓഡിറ്റ് നിർബന്ധമാക്കണമെന്നും, അടിസ്ഥാന സൗകര്യങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ കേന്ദ്രങ്ങൾ മാറ്റണമെന്നും സിജെപി ആവശ്യപ്പെട്ടു.
പരീക്ഷാ പരിഷ്‌കാരങ്ങൾക്ക് 5 ആവശ്യങ്ങൾ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിന്
