ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ അസാധാരണം എന്ന വിശേഷണം അര്‍ഹിക്കുന്ന അഞ്ചുപാളി സുരക്ഷ സജ്ജമാക്കി കേന്ദ്ര സര്‍ക്കാര്‍. റഷ്യന്‍ പ്രസിഡന്റിന്റെ സുരക്ഷാ സേവനത്തിലെ (Presidential Securtiy Service) പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍, ഇന്ത്യയുടെ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (NSG) മുന്‍നിര കമാന്‍ഡോകള്‍, സ്‌നൈപ്പര്‍മാര്‍, ഡ്രോണുകള്‍, ജാമറുകള്‍, എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം എന്നിവ സംയോജിപ്പിച്ച ബൃഹത്തായ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന പുട്ടിന്‍ വ്യാഴാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയുമായി പ്രത്യേക വിരുന്നിലും അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം, രാജ്ഘട്ടില്‍ ഗാന്ധിജിയുടെ സ്മാരകദര്‍ശനം, ഹൈദരാബാദ് ഹൗസിലെ ഉച്ചകോടി, ഭാരത് മണ്ഡപത്തിലെ പരിപാടി, രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കുന്ന വിരുന്ന് തുടങ്ങിയവ അടങ്ങുന്ന തിരക്കേറിയ പരിപാടികളാണ് പുട്ടിന്റെ സന്ദര്‍ശന പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയില്‍ നിന്ന് നാല് ഡസനിലധികം മുന്‍നിര സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ ഡല്‍ഹിയിലെത്തി. ഡല്‍ഹി പൊലീസ്, എന്‍എസ്ജി എന്നിവരുമായി ചേര്‍ന്ന് പുട്ടിന്റെ വാഹനവ്യൂഹം പോകേണ്ട എല്ലാ വഴികളും അവര്‍ ശുദ്ധീകരിച്ചു വരികയാണ്. പ്രത്യേക ഡ്രോണുകള്‍ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് എപ്പോഴും നീക്കങ്ങള്‍ നിരീക്ഷിക്കും. റൂട്ടുകളിലുടനീളം സ്‌നൈപ്പര്‍മാരെ വിന്യസിച്ചിട്ടുണ്ടാകും. ജാമറുകള്‍, മുഖം തിരിച്ചറിയുന്ന ക്യാമറകള്‍ ഉള്‍പ്പെടെയുള്ള എഐ സംവിധാനങ്ങളാണ് സാങ്കേതിക സുരക്ഷയുടെ നട്ടെല്ല്.
പുട്ടിന്‍ വിമാനത്താവളത്തിലെത്തുന്ന നിമിഷം മുതല്‍ അഞ്ചുപാളി സുരക്ഷ ഒരേസമയം സജീവമാകും. പുറം വലയങ്ങളില്‍ എന്‍എസ്ജിയും ഡല്‍ഹി പൊലീസും, അകത്തെ വലയങ്ങളില്‍ റഷ്യന്‍ പ്രസിഡന്റിന്റെ സുരക്ഷാ സംഘവുമാണ് ചുമതലയേറ്റെടുത്തിട്ടുള്ളത്. പ്രധാനമന്ത്രിയോടൊപ്പം പുട്ടിന്‍ ഉണ്ടാകുന്ന സമയങ്ങളില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ കമാന്‍ഡോകളും അകത്തെ സുരക്ഷാവലയത്തില്‍ ചേരും.
പുട്ടിന്‍ താമസിക്കുന്ന ഹോട്ടലും സന്ദര്‍ശിക്കുന്ന എല്ലാ കേന്ദ്രങ്ങളും സമ്പൂര്‍ണമായി സാനിറ്റൈസ് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി സന്ദര്‍ശിക്കാവുന്ന സാധ്യതാ സ്ഥലങ്ങളുടെ പട്ടികയുമൊരുക്കി അവിടങ്ങളിലും പരിശോധന നടത്തി. സുരക്ഷയിലെ മറ്റൊരു പ്രധാന ആകര്‍ഷണം പുട്ടിന്‍ യാത്ര ചെയ്യുന്ന അതീവ സുരക്ഷയുള്ള 'അൗറസ് സെനറ്റ്' ലിമോസിനാണ്. 'ഫോര്‍ട്രസ് ഓണ്‍ വീല്‍സ്' (ചക്രങ്ങളിലുരുളുന്ന കോട്ട) എന്നറിയപ്പെടുന്ന ഈ സായുധ ലക്ഷ്വറി കാര്‍ മോസ്‌കോയില്‍ നിന്ന് പ്രത്യേകമായി വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.
പുട്ടിന്റെ ഡല്‍ഹി സന്ദര്‍ശനം നാളെ : കമാന്‍ഡോകള്‍ മുതല്‍ എഐ വരെ അഞ്ചുപാളി സുരക്ഷ
