ന്യൂഡൽഹി: മുംബൈയിൽ വൻ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖല തകർത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ നടപടിയിൽ 1,745 കോടി രൂപ വിലവരുന്ന 349 കിലോഗ്രാം ഉയർന്ന നിലവാരമുള്ള കൊക്കെയ്ൻ പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ വിവരമറിയിച്ച അമിത് ഷാ, മയക്കുമരുന്ന് കാർട്ടലുകളെ നിർദാക്ഷിണ്യം തകർക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് വ്യക്തമാക്കി.
ചെറിയ തോതിലുള്ള ഒരു മയക്കുമരുന്ന് കടത്ത് ശൃംഖല പിന്തുടർന്ന് വൻ അന്താരാഷ്ട്ര നെറ്റ്വർക്കിലേക്ക് എത്തിച്ചേരാനായതാണിത് എന്ന് അദ്ദേഹം പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയും മയക്കുമരുന്ന് കടത്തുകാരനുമായ സലീം ഡോളയെ തുർക്കിയിൽ നിന്ന് ഇന്ത്യയിലെത്തിച്ചതിന് ദിവസങ്ങൾക്കുശേഷമാണ് ഈ വൻ പിടിച്ചെടുക്കൽ നടന്നിരിക്കുന്നത്.
