ഡൽഹിയിൽ സിഎൻജി വില കുത്തനെ ഉയർന്നു; കിലോയ്ക്ക് 86.98 രൂപ

ഡൽഹിയിൽ സിഎൻജി വില കുത്തനെ ഉയർന്നു; കിലോയ്ക്ക് 86.98 രൂപ


ന്യൂഡൽഹി:  ഡൽഹിയിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) വിലയിൽ വർധന. കിലോയ്ക്ക് 3.89 രൂപ കൂട്ടിയതോടെ ഡൽഹിയിൽ സിഎൻജിയുടെ പുതിയ വില 86.98 രൂപയായി. ഓഗസ്റ്റ് 29 രാവിലെ ആറുമണി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎൽ) ആണ് വിലവർധന പ്രഖ്യാപിച്ചത്. ഓട്ടോറിക്ഷ, ടാക്‌സി, ബസ്, ഇന്ധനച്ചെലവ് കുറയ്ക്കാൻ സിഎൻജി ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങൾ തുടങ്ങിയവയെയാണ് വിലവർധന നേരിട്ട് ബാധിക്കുക.

പ്രധാന നഗരങ്ങളിലെ പുതിയ നിരക്ക്:

* ഡൽഹി: 86.98 രൂപ
* നോയ്ഡ, ഗാസിയാബാദ്: 91.70 രൂപ
* മീററ്റ്, മുസഫർനഗർ, ഷാംലി: 91.58 രൂപ
* ഗുരുഗ്രാം: 88.12 രൂപ

ആഗോളതലത്തിൽ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽഎൻജി) വില ഉയർന്നതാണ് സിഎൻജി വില കൂട്ടാൻ കാരണമെന്ന് ഐജിഎൽ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള എൽഎൻജി വില പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന നിലവാരത്തിന്റെ ഏകദേശം ഇരട്ടിയായെന്നും കമ്പനി വ്യക്തമാക്കി.

ശീതകാലം അടുത്തുവരുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങൾ പ്രകൃതിവാതക സംഭരണം വർധിപ്പിക്കാൻ ശ്രമിക്കുന്നതും ആഗോള വിപണിയിൽ വില സമ്മർദം കൂട്ടുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന എൽഎൻജിയുടെ വിലവർധനയുടെ ആഘാതം ഉപയോക്താക്കളിലേക്ക് പരമാവധി കുറച്ച് മാത്രമേ കൈമാറിയിട്ടുള്ളൂവെന്നും ഐജിഎൽ അവകാശപ്പെട്ടു.

ഇൻപുട്ട് വാതകത്തിന്റെ ചെലവ് വർധിച്ചതിനാൽ വിതരണത്തിന്റെ തുടർച്ചയും വിശ്വാസ്യതയും ഉറപ്പാക്കാൻ വിലയിൽ 3.89 രൂപയുടെ നിയന്ത്രിത വർധന അനിവാര്യമായിരുന്നുവെന്നാണ് കമ്പനിയുടെ വിശദീകരണം.

അതേസമയം, വില കൂട്ടിയിട്ടും ഡൽഹിയിൽ സിഎൻജി ഇപ്പോഴും ഉപഭോക്താക്കൾക്ക് ലഭ്യമായ ഏറ്റവും ചെലവുകുറഞ്ഞ ഇന്ധന ഓപ്ഷനുകളിൽ ഒന്നാണെന്നും ഐജിഎൽ വ്യക്തമാക്കി.

സിഎൻജി വിലവർധനയുടെ നേരിട്ടുള്ള ആഘാതം ഓട്ടോടാക്‌സി നിരക്കുകളിലും പൊതുഗതാഗത ചെലവിലും പ്രതിഫലിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് സിഎൻജിയെ പ്രധാന ഇന്ധനമായി ആശ്രയിക്കുന്ന ഡൽഹിയിലെ ഓട്ടോടാക്‌സി മേഖലയിൽ ഇത് അധിക ചെലവിന് വഴിയൊരുക്കും. ആഗോള എൽഎൻജി വിലയിലെ ചാഞ്ചാട്ടം തുടരുകയാണെങ്കിൽ രാജ്യത്തെ സിഎൻജി വിലയിലും വീണ്ടും സമ്മർദമുണ്ടാകാം.