നീറ്റ്‌ റദ്ദാക്കണം; 12-ാം ക്ലാസ്‌ മാര്‍ക്ക്‌ യോഗ്യത മാനദണ്ഡമാക്കിയാല്‍ മതി: വിജയ്‌

നീറ്റ്‌ റദ്ദാക്കണം; 12-ാം ക്ലാസ്‌ മാര്‍ക്ക്‌ യോഗ്യത മാനദണ്ഡമാക്കിയാല്‍ മതി: വിജയ്‌


ചെന്നൈ: നീറ്റ്‌ യു.ജി പരീക്ഷ റദ്ദാക്കിയതിന്‌ പിന്നാലെ നീറ്റ്‌ പരീക്ഷ നടത്തുന്നത്‌ നിറുത്തലാക്കണമെന്ന തമിഴ്‌നാടിന്റെ ദീര്‍ഘകാല ആവശ്യം പുതുക്കി മുഖ്യമന്ത്രി ജോസഫ്‌ വിജയ്‌ രംഗത്ത്‌. 12-ാം ക്ലാസ്‌ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക്‌ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എക്‌സില്‍ പോസ്‌റ്റ്‌ ചെയ്‌ത കുറിപ്പിലാണ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. പുതിയ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം ദേശീയതല പരീക്ഷാ സമ്പ്രദായത്തിലെ ഘടനാപരമായ പിഴവുകള്‍ തുറന്നുകാട്ടുന്നവയാണ്‌. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ തകര്‍ത്തു. നീറ്റ്‌ നിറുത്തലാക്കുകയും എം.ബി.ബി.എസ്‌, ബി.ഡി.എസ്‌, ആയുഷ്‌ കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വോട്ടയിലെ എല്ലാ സീറ്റുകളിലേക്കുമുള്ള പ്രവേശനം 12-ാം ക്ലാസ്‌ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കണമെന്നുമുള്ള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ദീര്‍ഘകാല ആവശ്യം ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി വിജയ്‌ പറഞ്ഞു.