'പ്രദേശത്തിന്റെ സമാധാനവും സ്ഥിരതയും വേണം' -വെനിസ്വേലയിലെ യുഎസ് ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

'പ്രദേശത്തിന്റെ സമാധാനവും സ്ഥിരതയും വേണം' -വെനിസ്വേലയിലെ യുഎസ് ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി  ഇന്ത്യ


വെനിസ്വേലയിലെ യുഎസ് സൈനിക ആക്രമണവും പ്രസിഡന്റ് നിക്കോളാസ് മദൂറോയെ അറസ്റ്റ് ചെയ്ത സംഭവവികാസങ്ങളും അതീവ ആശങ്കാജനകമാണെന്ന് ഇന്ത്യ. പ്രദേശത്തിന്റെ സമാധാനവും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ വിദേശകാര്യ മന്ത്രാലയം (MEA), സംഭവവികാസങ്ങൾ അടുത്തുനിന്ന് നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കി. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും പ്രശ്‌നങ്ങൾ സമാധാനപരമായി സംവാദത്തിലൂടെ പരിഹരിക്കണമെന്ന് ബന്ധപ്പെട്ട എല്ലാ പക്ഷങ്ങളോടും ഇന്ത്യ ആഹ്വാനം ചെയ്തുവെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

വെനിസ്വേലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കരാകാസിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹവുമായി നിരന്തരമായി ബന്ധത്തിലാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംഇഎ അറിയിച്ചു. ഇതിനുമുൻപ് ഇന്ത്യ സ്വന്തം പൗരന്മാർക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് ഉപദേശവും നൽകിയിരുന്നു.

അതേസമയം, 'ഓപ്പറേഷൻ ആബ്‌സല്യൂട്ട് റിസോൾവ്' എന്ന പേരിൽ നടത്തിയ സൈനിക നീക്കത്തിലൂടെ വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും യുഎസ് സേന പിടികൂടിയതായി വാഷിംഗ്ടൺ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ കരാകാസിലും പരിസരപ്രദേശങ്ങളിലും ശക്തമായ സഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. മയക്കുമരുന്ന് കാർട്ടലുകളെതിരായ യുദ്ധത്തിന്റെ ഭാഗമായാണ് നടപടി എന്നായിരുന്നു യുഎസിന്റെ വിശദീകരണം.

മഡൂറോയെ ന്യൂയോർക്കിലെത്തിച്ച് ഡിഇഎ കസ്റ്റഡിയിൽ ഏൽപ്പിച്ചതായും പിന്നീട് ബ്രൂക്ക്‌ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുമെന്നുമാണ് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ആക്രമണത്തിൽ യുഎസ് സൈനികരുടെ നഷ്ടമില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടുവെങ്കിലും, ക്യൂബൻ സുരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന സൂചനകളും പുറത്തുവന്നു.

വെനിസ്വേലയെ സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഭരണപരിവർത്തനത്തിലേക്ക് നയിക്കുമെന്ന അവകാശവാദവുമായി മുന്നോട്ട് വന്ന യുഎസ് നടപടികളോട് അന്താരാഷ്ട്ര സമൂഹം സൂക്ഷ്മതയോടെയാണ് പ്രതികരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, പ്രദേശത്തെ സമാധാനവും സ്ഥിരതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഊന്നിപ്പറഞ്ഞ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.