പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം രൂക്ഷം; ക്യാമ്പസ് അടച്ചിട്ടു, ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു

പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം രൂക്ഷം; ക്യാമ്പസ് അടച്ചിട്ടു, ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു


ഫഗ്‌വാര: വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം രൂക്ഷം. സംഭവത്തില്‍ വ്യക്തതയും നീതിയും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ക്യാമ്പസില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതിഷേധം അക്രമാസക്തമായതോടെ സര്‍വകലാശാല ക്ലാസുകള്‍ നിര്‍ത്തിവെക്കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.

ക്യാമ്പസ് ഹോസ്റ്റലിൽ (GH-3) താമസിച്ചിരുന്ന ഒരു വിദ്യാർത്ഥിനി മൂന്ന് ദിവസം മുൻപ് അതിക്രമത്തിന് ഇരയായെന്നും, തുടർന്ന് കൃത്യമായ നടപടിയെടുക്കാതെ അധികൃതർ കുട്ടിയെ നിർബന്ധിച്ച് നാട്ടിലേക്ക് മടക്കി അയച്ചെന്നുമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വിദ്യാര്‍ഥികള്‍ പറയുന്നത് പ്രകാരം മൂന്ന് ദിവസം മുമ്പ് ഹോസ്റ്റലില്‍ വെച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും തുടര്‍ന്ന് അധികൃതരുടെ നിര്‍ബന്ധപ്രകാരം വീട്ടിലേക്ക് മടങ്ങിയെന്നുമാണ്. എന്നാൽ, ഈ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമായ കിംവദന്തികൾ മാത്രമാണെന്നാണ് സർവകലാശാല അധികൃതർ വ്യക്തമാക്കുന്നത്.

ദേശീയപാതയിലും സംഘർഷം

അതിനിടെ, വീട്ടിലേക്കയച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന് ഒരു സഹപാഠി മറ്റ് വിദ്യാര്‍ഥികളെ അറിയിച്ചതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. എന്നാല്‍ ഇത്തരമൊരു സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ലെന്ന് കപൂര്‍ത്തല സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ഗൗരവ് ടൂറ പറയുന്നു. ഇതോടെ വിദ്യാർത്ഥികളുടെ പ്രതിഷേധം ക്യാമ്പസിനുള്ളിൽ വലിയ തോതിലുള്ള അക്രമസംഭവങ്ങളിലേക്ക് വഴിമാറി. യൂണിവേഴ്സിറ്റിയിലെ കെട്ടിടങ്ങളുടെ ജനലുകളും പൂച്ചട്ടികളും വാഹനങ്ങളും പ്രതിഷേധക്കാർ അടിച്ചുതകർക്കുകയും ചില വസ്തുക്കൾക്ക് തീയിടുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ജലന്ധർ-ഫഗ്വാര ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ചു  

ദേശീയപാതയിലെ ഉപരോധം മാറ്റാൻ ശ്രമിച്ച പോലീസിനു നേരെ കല്ലേറുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ ചില പോലീസ് ഉദ്യോഗസ്ഥർക്കും മലയാളി വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതായി ജലന്ധര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നവീന്‍ സിംഗ്ല പറഞ്ഞു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില വിവരങ്ങള്‍ കിംവദന്തികളാണെന്നാണ് സര്‍വകലാശാല അധികൃതരും പൊലീസും പറയുന്നത്.

10 ദിവസത്തേക്ക് ക്യാമ്പസ് അടച്ചിടും

വിദ്യാര്‍ഥികളും സര്‍വകലാശാല മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പ്രതിഷേധക്കാരുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ല. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർവകലാശാലയിലെ ക്ലാസുകളും മിഡ്-ടേം പരീക്ഷകളും താൽക്കാലികമായി മാറ്റിവെക്കുകയും 10 ദിവസത്തേക്ക് ക്യാമ്പസ് അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ നാട്ടിലേക്ക് മടങ്ങാമെന്നും കാമ്പസിൽ തുടരുന്നവർ ഹോസ്റ്റലുകളിൽ തന്നെ സുരക്ഷിതമായിരിക്കണമെന്നും നിർദ്ദേശമുണ്ട്. 

അയ്യായിരത്തിലധികം മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസാണിത്. സംഘർഷത്തിൽ ഒരു മലയാളി വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. അവിടെയുള്ള മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്