ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ പത്താം ക്ലാസ് വിദ്യാർഥിയെ രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ചേർന്ന് ക്രൂരമായി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഞെട്ടലുണ്ടാക്കി. സ്‌നൂക്കർ കളിക്കാനെത്തിയ ക്ലബ്ബിൽ വെച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു.
ഫെബ്രുവരി 15നാണ് സംഭവം നടന്നത്. എന്നാൽ പ്രതികൾ ആക്രമണ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആദ്യം വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലഘുആക്രമണക്കേസാണ് രജിസ്റ്റർ ചെയ്തതെന്ന് തിലാ ജമാൽപൂർ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ എം.എസ്. ഭദൗരിയ പറഞ്ഞു. എന്നാൽ 30 സെക്കൻഡിനുള്ളിൽ 27 തവണ കുത്തുന്ന ദൃശ്യങ്ങളും രണ്ട് വിരൽ മുറിയുന്ന രംഗങ്ങളും പുറത്തുവന്നതോടെ കൂടുതൽ ഗുരുതര വകുപ്പുകൾ ചേർക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്.
സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് കോച്ചിങ് ഇൻസ്റ്റിറ്റിയൂട്ടിൽ വെച്ച് ചെറിയ തർക്കത്തെ തുടർന്ന് ഇരുവരുമായി വാക്കുതർക്കമുണ്ടായെന്നും അപ്പോൾ താൻ അവരെ അടിച്ചതായും വിദ്യാർഥി മൊഴി നൽകി. അതിന്റെ പ്രതികാരമായി ഭീഷണിപ്പെടുത്തിയ പ്രതികൾ പിന്നീട് ക്ലബ്ബിലെത്തി യാതൊരു മുന്നറിയിപ്പുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി സ്വയം ആശുപത്രിയിലെത്തിയതിനുശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു കൈമുട്ടിൽ പത്തിലധികം ആഴത്തിലുള്ള മുറിവുകളും മറുകൈയിൽ രണ്ട് വിരലുകൾ നഷ്ടപ്പെടുകയും തോളിലും പിന്നിലും ഗുരുതര പരിക്കുകൾ സംഭവിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
പരാതി നൽകിയിട്ടും പൊലീസ് ആദ്യം ഗൗരവമായി എടുത്തില്ലെന്നും പ്രതികളെ പിടികൂടിയ ശേഷം നോട്ടീസ് നൽകി വിട്ടയച്ചുവെന്നും വിദ്യാർഥി ആരോപിച്ചു. ഭീതി പരത്താൻ സിസിടിവി ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
പത്താംക്ലാസുകാരനെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ കുത്തിപ്പരിക്കേൽപ്പിച്ചു; 30 സെക്കൻഡിൽ 27 കുത്തുകൾ, രണ്ട് വിരൽ മുറിഞ്ഞു
