ഛത്രപതി സംഭാജിനഗർ: കുടുംബത്തെ ഭീഷണിപ്പെടുത്തി ബിജെപിയിൽ ചേരാൻ സമ്മർദം ചെലുത്തിയെന്ന ഗുരുതര ആരോപണവുമായി കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്‌കെ. ഛത്രപതി സംഭാജിനഗറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
ബിജെപിയിൽ ചേരാൻ ക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ദിപ്‌കെയുടെ പ്രതികരണം. ബിജെപിയിൽ ചേർന്നില്ലെങ്കിൽ കുടുംബം പ്രത്യാഘാതങ്ങൾ നേരടേണ്ടിവരുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 'തങ്ങളുടെ കൊച്ചുമക്കളുടെ പ്രായമുള്ളവരെ പോലും ഭീഷണിപ്പെടുത്തേണ്ടിവരുന്നുവെങ്കിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അധികാരത്തിന് എന്താണ് അർഥം?' എന്നും അദ്ദേഹം ചോദിച്ചു.
താനും സിജെപിയും യുവതലമുറയെ വഴിതെറ്റിക്കുകയാണെന്ന നടി കങ്കണ റണാവത്തിന്റെയും യോഗഗുരു ബാബാ രാംദേവിന്റെയും ആരോപണങ്ങൾ ദിപ്‌കെ തള്ളി. ജനാധിപത്യം സംരക്ഷിക്കാനും സർക്കാരിനെ ചോദ്യം ചെയ്യാനും വിദ്യാഭ്യാസ അവകാശത്തിനായി പോരാടാനുമുള്ള ശ്രമങ്ങളെയാണ് സംസ്‌കാരം നശിപ്പിക്കുന്നതെന്ന് വശേഷിപ്പിക്കുന്നതെങ്കിൽ, ആ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിമർശിച്ച പതഞ്ജലി ഉൽപ്പന്നങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് ബാബാ രാംദേവ് ശ്രദ്ധക്കേണ്ടതെന്നും അല്ലാത്തപക്ഷം കമ്പനിക്ക് തിരിച്ചടി നേരടേണ്ടിവരുമെന്നും ദിപ്‌കെ കൂട്ടച്ചേർത്തു.
ഡൽഹി പൊലീസിന്റെ നടപടികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്നും ദിപ്‌കെ ആരോപിച്ചു. വിദേശ ഫണ്ടിങ് ലഭിക്കുന്നുവെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. അത്തരമൊരു ഫണ്ടിങ് ഉണ്ടായിരുന്നെങ്കിൽ അത് കണ്ടെത്താൻ കഴിയാത്തത് ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നും അതിന്റെ ഉത്തരവാദിത്തം അമിത് ഷാ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ച സാഹചര്യത്തിൽ പുതിയ മന്ത്രിയായി ചുമതലയേറ്റ പ്രഹ്ലാദ് ജോഷിയെയും ദിപ്‌കെ വിമർശിച്ചു. മുൻ മന്ത്രിയുടെ 'പകരക്കാരൻ' മാത്രമാണ് പുതിയ മന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
ഭരണഘടനയിലും ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങളിലുമുള്ള വിശ്വാസം ആവർത്തിച്ച ദിപ്‌കെ, മഹാത്മാ ഗാന്ധിയുടെ ആദർശങ്ങൾ പിന്തുടർന്ന് ജനാധിപത്യ മാർഗത്തിലൂടെയുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
കുടുംബത്തെ ഭീഷണിപ്പെടുത്തി ബിജെപിയിൽ ചേരാൻ സമ്മർദം ചെലുത്തി; ഗുരുതര ആരോപണവുമായി സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ
