ജന്തർ മന്തറിൽ വൻ ജനക്കൂട്ടവുമായി 'സംവരണം വിരുദ്ധ' പ്രതിഷേധം; നിരവധി പേർ കസ്റ്റഡിയിൽ

ജന്തർ മന്തറിൽ വൻ ജനക്കൂട്ടവുമായി 'സംവരണം വിരുദ്ധ' പ്രതിഷേധം; നിരവധി പേർ കസ്റ്റഡിയിൽ


അനുമതി റാംലീല മൈതാനത്ത്; ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് തടഞ്ഞു

ന്യൂഡൽഹി: നീറ്റ് -യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുമ്പ് കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും യുവാക്കളും ദൽഹിയിലെ ജന്തർമന്തറിനെ പ്രക്ഷോഭഭൂമിയാക്കിയതിനു പിന്നാലെ വ്യത്യസ്തമായ മറ്റൊരു ജനകീയപ്രതിഷേധത്തിനു കൂടി ജന്തർമന്തർ സാക്ഷിയാവുകയാണ്.  

ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഒഴിവാക്കി സാമ്പത്തിക മാനദണ്ഡം മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമ കൂട്ടായ്മയായ 'റിസർവേഷൻ ഹടാവോ ആന്ദോളൻ'  നടത്തിയ പ്രതിഷേധമാണ് ഡൽഹിയിൽ സംഘർഷസാധ്യത സൃഷ്ടിച്ചത്. ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടും വലിയ ജനക്കൂട്ടം ഇവിടെ എത്തിയതോടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാവിലെ മുതൽ ജന്തർ മന്തറിലേക്ക് പ്രതിഷേധക്കാർ എത്തിത്തുടങ്ങി. ബാനറുകളും പോസ്റ്ററുകളും കാവിക്കൊടികളുമായി എത്തിയവർ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ജനക്കൂട്ടം വർധിച്ചതോടെ പൊലീസ് സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.

അനുമതി റാംലീല മൈതാനത്ത്

ജന്തർ മന്തറിലും പരിസരത്തും പ്രതിഷേധം, പ്രകടനം, സമ്മേളനം എന്നിവ നടത്താൻ പൊലീസ് അനുമതി നൽകിയിരുന്നില്ല. എന്നാൽ 'റിസർവേഷൻ ഹടാവോ ആന്ദോളൻ' എന്ന പേരിൽ റാംലീല മൈതാനത്ത് സമാധാനപരമായ പ്രതിഷേധത്തിന് പൊലീസ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകിയിരുന്നു.

പരമാവധി 500 പേർക്ക് വൈകിട്ട് നാലുവരെ റാംലീല മൈതാനത്ത് പ്രതിഷേധിക്കാനായിരുന്നു അനുമതി. ക്രമസമാധാന പ്രശ്‌നമില്ലെങ്കിൽ അവിടെ പ്രതിഷേധം നടത്തുന്നതിന് എതിർപ്പില്ലെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാൽ പ്രതിഷേധക്കാർ ജന്തർ മന്തറിലേക്ക് തന്നെ എത്തിയതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതും പ്രദേശത്ത് വൻ സുരക്ഷാസന്നാഹം ഒരുക്കിയിരിക്കുന്നതും കാണാം.

ഇൻസ്റ്റഗ്രാമിൽനിന്ന് തെരുവിലേക്ക്

ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. 'റിസർവേഷൻ ഹടാവോ ആന്ദോളൻ' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആഗസ്റ്റ് 21ന് ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയത്. 56 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള പേജാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

വിദ്യാഭ്യാസം, പരിശീലനം, സർക്കാർ സഹായം തുടങ്ങിയവ നൽകുമ്പോൾ ജാതിക്ക് പകരം സാമ്പത്തിക സ്ഥിതിയാണ് പ്രധാന മാനദണ്ഡമാക്കേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

'ജാതി നോക്കാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും പരിശീലനത്തിനും മറ്റ് ആവശ്യങ്ങൾക്കും സഹായം ലഭിക്കണം' എന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്ത അഖില ഭാരതീയ ക്ഷത്രിയ മഹാസഭയുമായി ബന്ധപ്പെട്ട ഒരാൾ പറഞ്ഞത്.

വിവാദം സോഷ്യൽ മീഡിയയിലും

ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഇന്ത്യൻ സമൂഹത്തിലെ ചരിത്രപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനമാണെന്നാണ് സംവരണത്തെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും തുല്യ പരിഗണന വേണമെന്നാണ് പ്രതിഷേധക്കാരുടെ വാദം.

സമൂഹമാധ്യമങ്ങളിൽനിന്ന് വലിയ ജനപങ്കാളിത്തം നേടിയ പ്രതിഷേധം തെരുവിലേക്കെത്തിയതോടെ സംവരണത്തെക്കുറിച്ചുള്ള രാഷ്ട്രീയ-സാമൂഹിക ചർച്ച വീണ്ടും സജീവമാകുകയാണ്. ജന്തർ മന്തറിലെ പൊലീസ് നടപടി പ്രതിഷേധത്തിന്റെ വ്യാപ്തിയെയും അനുമതിയില്ലാത്ത സമരങ്ങളോടുള്ള ഭരണകൂടത്തിന്റെ സമീപനത്തെയും കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.