പ്രസ്ഥാനത്തിനായി തന്റെ സ്വാതന്ത്ര്യം ത്യജിക്കാന്‍ തയ്യാറെന്ന് സി ജെ പി സ്ഥാപകന്‍

പ്രസ്ഥാനത്തിനായി തന്റെ സ്വാതന്ത്ര്യം ത്യജിക്കാന്‍ തയ്യാറെന്ന് സി ജെ പി സ്ഥാപകന്‍


ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സി ജെ പി)  ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നൂറുകണക്കിന് യുവാക്കളും വിദ്യാര്‍ഥികളും പങ്കെടുത്തു.

ശനിയാഴ്ച രാവിലെ യു എസില്‍ നിന്ന് ഡല്‍ഹിയിലെത്തിയ സി ജെ പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഈ പ്രസ്ഥാനത്തിനായി സ്വന്തം സ്വാതന്ത്ര്യം പോലും ത്യജിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്ന് വ്യക്തമാക്കി.

ഓണ്‍ലൈന്‍ രാഷ്ട്രീയ ആക്ഷേപഹാസ്യമായി ആരംഭിച്ച ഈ സംരംഭം ദീര്‍ഘകാല പോരാട്ടമാണെന്ന് ദിപ്‌കെ പറഞ്ഞു. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്തതായും പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞു. എന്നാല്‍ നടപടി സ്വീകരിക്കുന്നതിന് പകരം തങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതിലും പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിലുമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പോസ്റ്റുകള്‍ ഇല്ലാതാക്കാന്‍ കഴിയുമെങ്കിലും തങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ദിപ്‌കെ പറഞ്ഞു.

കഴിഞ്ഞ മാസം ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി സി ജെ പിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിരുന്നു. അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദിപ്‌കെ നല്‍കിയ ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ഉടന്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

ലക്ഷ്യത്തിനായി തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടാന്‍ പോലും തയ്യാറായിരുന്നുവെന്നും സ്വാതന്ത്ര്യത്തിന്റെ അവസാന നിമിഷങ്ങളാണ് താന്‍ അനുഭവിക്കുന്നതെന്നായിരുന്നു തോന്നലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ഇന്ത്യന്‍ അധികൃതര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നേരത്തെ ദിപ്‌കെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധം നടത്താന്‍ അദ്ദേഹത്തിന് അനുമതി ലഭിക്കുകയായിരുന്നു. 

തന്നെ ജയിലിലടയ്ക്കുമോ എന്ന ഭയത്തില്‍ തന്റെ മാതാവ് ഏറെ ആശങ്കപ്പെട്ടിരുന്നുവെന്നും ദിപ്‌കെ പറഞ്ഞു. എത്രകാലം നാം ഈ ഭയത്തില്‍ ജീവിക്കുമെന്നും രാജ്യത്തെ യുവാക്കളും വിദ്യാര്‍ഥികളും തങ്ങളുടെ ആത്മാഭിമാനം വിറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി ജെ പി മുന്‍കൂട്ടി ആസൂത്രണം ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും വിദ്യാര്‍ഥികളുടെ പ്രതിഷേധ വികാരത്തില്‍ നിന്ന് രൂപം കൊണ്ട പ്രസ്ഥാനമാണെന്നും ദിപ്‌കെ അവകാശപ്പെട്ടു.

അതേസമയം, ആം ആദ്മി പാര്‍ട്ടിയുമായുള്ള ദിപ്‌കെയുടെ മുന്‍കാല ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പ്രസ്ഥാനം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോയെന്ന് നിരവധി പേര്‍ ചോദ്യം ചെയ്തിരുന്നു.

സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക് ഉടന്‍ തന്നെ പ്രതിഷേധ വേദിയിലെത്തുമെന്നും ദിപ്‌കെ അനുയായികളെ അറിയിച്ചു.

പ്രതിഷേധത്തില്‍ വലിയ ജനപങ്കാളിത്തം പ്രതീക്ഷിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് തലസ്ഥാന നഗരിയില്‍ സുരക്ഷ ശക്തമാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു.