നീറ്റ് ചോദ്യപേപ്പർ ചോർച്ച: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജൂൺ 6ന് ഡൽഹിയിൽ പ്രതിഷേധിക്കുമെന്ന് പാറ്റാപാർട്ടി സ്ഥാപകൻ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  ജൂൺ 6ന് ഡൽഹിയിൽ പ്രതിഷേധിക്കുമെന്ന് പാറ്റാപാർട്ടി സ്ഥാപകൻ


ന്യൂഡൽഹി: 'കോക്രോച്ച് ജനത പാർട്ടി' (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ ജൂൺ 6ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിക്കെതിരായ പ്രതിഷേധമെന്ന് അദ്ദേഹം അറിയിച്ചു.

സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് ദിപ്‌കെ തന്റെ നിലപാട് വ്യക്തമാക്കിയത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന സമാധാനപരമായ പ്രതിഷേധത്തിൽ രാജ്യത്തെ യുവാക്കൾ പങ്കെടുക്കണമെന്നും പരീക്ഷാ പേപ്പർ ചോർച്ചയിൽ സർക്കാരിനോട് ഉത്തരവാദിത്തം ആവശ്യപ്പെടാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഹർജിയിൽ എട്ട് ലക്ഷം വിദ്യാർഥികൾ ഒപ്പുവെച്ചിട്ടുണ്ടെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് ആളുകൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ദിപ്‌കെ അവകാശപ്പെട്ടു. ലഖ്‌നൗ, ജയ്പൂർ, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലുൾപ്പെടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിജെപിയുടെ എക്‌സ് അക്കൗണ്ട് കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞ നടപടിക്കെതിരെ ദിപ്‌കെ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി പരിഗണിച്ചിരുന്നു. അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാൽ വിഷയത്തിൽ പുനഃപരിശോധന സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.

കേന്ദ്ര സർക്കാരിനും എക്‌സ് പ്ലാറ്റ്‌ഫോമിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. അക്കൗണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ് ഇതുവരെ തനിക്കോ കോടതിക്കോ ലഭിച്ചിട്ടില്ലെന്നും ദിപ്‌കെ ചൂണ്ടിക്കാട്ടി. നിലവിൽ അക്കൗണ്ട് വിലക്ക് തുടരുകയാണ്.