ബറാമതിയില്‍ വിമാനം തകര്‍ന്നത് ലാന്‍ഡിംഗ് അനുമതിക്ക് തൊട്ടുപിന്നാലെയെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം

ബറാമതിയില്‍ വിമാനം തകര്‍ന്നത് ലാന്‍ഡിംഗ് അനുമതിക്ക് തൊട്ടുപിന്നാലെയെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം


ബറാമതി: അജിത് പവാര്‍ സഞ്ചരിച്ച മിഡ്-സൈസ് ലിയര്‍ജെറ്റ് 45 വിമാനം ബറാമതി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് അനുമതി ലഭിച്ച് നിമിഷങ്ങള്‍ക്കകമാണ് തകര്‍ന്നുവീണ് തീപിടിച്ചതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തില്‍ മരണപ്പെട്ടു.

രാവിലെ 8.44ന് വിമാനത്തിന് ലാന്‍ഡിംഗ് ക്ലിയറന്‍സ് നല്‍കിയതായും ഏകദേശം ഒരു മിനിറ്റിനുശേഷമാണ് അപകടമുണ്ടായതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മതിയായ ദൃശ്യപരത ഉണ്ടായിരുന്നതിനാല്‍ ദൃശ്യ കാലാവസ്ഥാ സാഹചര്യങ്ങള്‍ അനുസരിച്ച് താഴേക്ക് ഇറങ്ങാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റിന് നിര്‍ദേശം നല്‍കിയതായും അന്തിമ തീരുമാനം പൈലറ്റിന് വിട്ടിരുന്നുവെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ലാന്‍ഡിംഗിനുള്ള ശ്രമത്തിനിടെ കാലാവസ്ഥാ വിവരങ്ങള്‍ ആവശ്യപ്പെട്ട വിമാന ജീവനക്കാര്‍ക്ക് കാറ്റ് ശാന്തമാണെന്നും ഏകദേശം 3,000 മീറ്റര്‍ ദൃശ്യതയുണ്ടെന്നും അറിയിപ്പ് നല്‍കി. റണ്‍വേ 11ലേക്ക് സമീപിക്കുമ്പോള്‍ റണ്‍വേ കാണാനായില്ലെന്ന് പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആദ്യ ശ്രമത്തില്‍ 'ഗോ-അറൗണ്ട്' നടത്തുകയും ചെയ്തു. സ്ഥാനം സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, വീണ്ടും ഫൈനല്‍ അപ്രോച്ചിലാണെന്ന് അവര്‍ അറിയിച്ചു. റണ്‍വേ കാണുന്നുവെന്ന് അറിയിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍, ആദ്യം ദൃശ്യമല്ലെന്ന് പറഞ്ഞെങ്കിലും നിമിഷങ്ങള്‍ക്കകം റണ്‍വേ കണ്ടതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ലാന്‍ഡിംഗ് അനുമതി നല്‍കിയെങ്കിലും ആ അനുമതി വിമാന ജീവനക്കാര്‍ സ്ഥിരീകരിച്ചില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതിനു തൊട്ടുപിന്നാലെ റണ്‍വേയുടെ തുടക്ക ഭാഗത്തിന് സമീപം തീപടരുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. റണ്‍വേ 11ന്റെ ഇടത് വശത്താണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബാരാമതി വിമാനത്താവളം 'അണ്‍കണ്‍ട്രോള്‍ഡ് എയര്‍ഫീല്‍ഡ്' ആയതിനാല്‍ പൂര്‍ണമായ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ യൂണിറ്റിന് പകരം ഫ്‌ളൈയിംഗ് സ്‌കൂളുകളാണ് ഇവിടെ വിമാന ഗതാഗത സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

വിമാനാപകട അന്വേഷണം എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ഏറ്റെടുത്തിട്ടുണ്ട്. ബ്യൂറോ മേധാവി അപകടസ്ഥലത്തേക്ക് യാത്ര തിരിച്ചതായും അറിയിച്ചു. വിടി-എസ്എസ്‌കെ എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ലിയര്‍ജെറ്റ് ഡല്‍ഹി ആസ്ഥാനമായ വി എസ് ആര്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ആവശ്യാനുസൃത വിമാന സര്‍വീസുകള്‍ നല്‍കാന്‍ ലൈസന്‍സ് ലഭിച്ച നോണ്‍- ഷെഡ്യൂള്‍ഡ് ഓപ്പറേറ്ററാണ് ഈ കമ്പനി. അപകടത്തിന് പിന്നാലെ കമ്പനി വെബ്‌സൈറ്റ് നീക്കം ചെയ്തു.

വിമാനത്തിന്റെ പരിപാലന ചുമതല ഓപ്പറേറ്ററിനാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡി ജി സി എ രേഖകള്‍ പ്രകാരം 2010ല്‍ നിര്‍മ്മിച്ച വിമാനമാണ് ഇത്. മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് പരിചയസമ്പന്നരായ പൈലറ്റുകളാണ് വിമാനം പറത്തിയത്. ക്യാപ്റ്റന് 15,000ലധികം പറക്കല്‍ മണിക്കൂറുകളും സഹപൈലറ്റിന് 1,500ലധികം മണിക്കൂറുകളും അനുഭവപരിചയമുണ്ടായിരുന്നു. എല്ലാ ചട്ടങ്ങളും പ്രവര്‍ത്തന മാനദണ്ഡങ്ങളും പാലിച്ചിരുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു.

2014ല്‍ ആദ്യമായി അനുവദിച്ച വിമാന ഓപ്പറേറ്റര്‍ പെര്‍മിറ്റ് 2023 ഏപ്രിലിലാണ് അവസാനമായി പുതുക്കിയത്. ഇത് 2028 വരെ സാധുവാണ്. വി എസ് ആര്‍ വെഞ്ചേഴ്സ് 17 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതില്‍ ഒന്നിലധികം ലിയര്‍ജെറ്റ് 45കള്‍, എംബ്രയര്‍ ബിസിനസ് ജെറ്റുകള്‍, കിങ് എയര്‍ ടര്‍ബോപ്രോപ്പുകള്‍, പിലാറ്റസ് പി സി-12 വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഡി ജി സി എ 2025 ഫെബ്രുവരിയില്‍ നടത്തിയ അവസാന ഓഡിറ്റില്‍ ഗൗരവമായ സുരക്ഷാ ലംഘനങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍, ഇതേ കമ്പനിയുടെ മറ്റൊരു ലിയര്‍ജെറ്റ് 45 2023 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റെങ്കിലും എല്ലാവരും രക്ഷപ്പെട്ടിരുന്നു.