ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥനായി ഇടപെട്ടുവെന്ന് ചൈന; മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഇല്ലെന്ന് ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥനായി ഇടപെട്ടുവെന്ന് ചൈന; മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഇല്ലെന്ന് ഇന്ത്യ


ബെയ്ജിങ്:  ഇന്ത്യ-പാക്കിസ്ഥാന്‍ തമ്മിലുള്ള മേയ് 7-10 ദിവസങ്ങളിലെ സൈനിക സംഘര്‍ഷത്തില്‍ ചൈന ഇടപെട്ടുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. 2025ലെ അന്താരാഷ്ട്ര സാഹചര്യം വിലയിരുത്തിയുള്ള ബെയ്ജിങ്ങിലെ സിംപോസിയത്തില്‍ സംസാരിക്കവെയായിരുന്നു വാങ് യിയുടെ പരാമര്‍ശം. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം ഉള്‍പ്പെടെ ഈ വര്‍ഷം പല 'ഹോട്ട്‌സ്‌പോട്ട്' വിഷയങ്ങളിലും ചൈന മധ്യസ്ഥത വഹിച്ചതായാണ് അദ്ദേഹത്തിന്റെ അവകാശവാദം.

എന്നാല്‍ ഇന്ത്യ ഈ വാദം വീണ്ടും തള്ളി. മേയ് 7-10 വരെ നീണ്ട 'ഓപ്പറേഷന്‍ സിന്ദൂര്‍' സംഘര്‍ഷം മൂന്നാംകക്ഷി ഇടപെടലില്ലാതെ, ഇരുരാജ്യങ്ങളുടെയും സൈന്യത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ഫോണ്‍ചര്‍ച്ചയിലൂടെയാണു പരിഹരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. മേയ് 13നു ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍, മേയ് 10ന് 3.35ന് നടന്ന ഡിജിഎംഒ ഫോണ്‍കോളിലാണ് വെടിനിര്‍ത്തല്‍ ധാരണയായതെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ വിഷയങ്ങളില്‍ മൂന്നാംകക്ഷി ഇടപെടലിന് ഇടമില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്.

'രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രാദേശിക യുദ്ധങ്ങളും അതിര്‍ത്തി സംഘര്‍ഷങ്ങളും ഉണ്ടായ വര്‍ഷമാണ് 2025. സ്ഥിരമായ സമാധാനം ലക്ഷ്യമാക്കി, പ്രശ്‌നങ്ങളുടെ അടിസ്ഥാനം പരിഹരിക്കുന്നതിലാണ് ചൈന ശ്രദ്ധ കേന്ദ്രീകരിച്ചത്', വാങ് യി പറഞ്ഞു. ഉത്തര മ്യാന്‍മര്‍, ഇറാന്‍ ആണവ വിഷയം, ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം, പാലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നം, കംബോഡിയ-തായ്‌ലാന്‍ഡ് സംഘര്‍ഷം എന്നിവയില്‍ ചൈന ഇടപെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈന-പാക്കിസ്ഥാന്‍ ബന്ധം വീണ്ടും ചര്‍ച്ചയില്‍

ഓപ്പറേഷന്‍ സിന്ദൂരിനിടയില്‍ പാക്കിസ്ഥാനു ചൈന നല്‍കിയ സൈനിക സഹായം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇന്ത്യയുടെ വ്യോമാക്രമണങ്ങളെ 'ഖേദകരം' എന്ന് വിശേഷിപ്പിച്ച ചൈന, ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് മേയ് 7ന് ആവശ്യപ്പെട്ടിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 'എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നു' എന്നുമായിരുന്നു ബെയ്ജിങ്ങിന്റെ പ്രതികരണം.

അതേസമയം, പാക്കിസ്ഥാന്റെ സൈനിക ഉപകരണങ്ങളില്‍ 81 ശതമാനത്തിലധികവും ചൈനീസ് ആയുധങ്ങളാണെന്ന വസ്തുത, ബെയ്ജിങ്ങിന്റെ നിലപാടിനെ കൂടുതല്‍ വിവാദത്തിലാക്കി. സംഘര്‍ഷത്തെ ചൈന 'ലൈവ് ലാബായി' ഉപയോഗിച്ചുവെന്ന ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെ. ജനറല്‍ രാഹുല്‍ ആര്‍. സിങ്ങിന്റെ ആരോപണം ചൈന നേരിട്ട് നിഷേധിക്കാതിരുന്നതും ശ്രദ്ധേയമായി. '36 തന്ത്രങ്ങള്‍' എന്ന പുരാതന ചൈനീസ് യുദ്ധതന്ത്രം ഉപയോഗിച്ച് 'മറ്റൊരാളുടെ കത്തി ഉപയോഗിച്ച് ആക്രമിക്കുക' എന്ന സമീപനമാണ് ബെയ്ജിംഗ് സ്വീകരിച്ചതെന്നായിരുന്നു ജനറല്‍ സിങ്ങിന്റെ പരാമര്‍ശം.

ഇന്ത്യ-ചൈന ബന്ധത്തില്‍ 'നല്ല മുന്നേറ്റം'

ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതിയുണ്ടായെന്ന് വാങ് യി അവകാശപ്പെട്ടു. ഓഗസ്റ്റില്‍ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ഷണം നല്‍കിയതും, ഇന്ത്യ-ചൈന ബന്ധത്തില്‍ 'നല്ല മോമെന്റം' ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് സംഘടന വിപുലീകരിച്ച ശേഷവും കൂടുതല്‍ ശക്തമായ സഹകരണത്തിലേക്കാണ് നീങ്ങിയതെന്നും വാങ് യി പറഞ്ഞു.

അമേരിക്കയുമായി ബന്ധപ്പെട്ട്, ചൈന-യുഎസ് ബന്ധം ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഉഭയകക്ഷി ബന്ധങ്ങളിലൊന്നാണെന്നും, ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ തീരുമാനങ്ങള്‍ ലോകചരിത്രത്തിന്റെ ദിശ നിശ്ചയിക്കുമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.