കൊല്‍ക്കത്ത: ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്ലീമ നസ്‌റീന്‍ ഏകദേശം 19 വര്‍ഷങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ തിരിച്ചെത്തിയതിനെ മുഖ്യമന്ത്രി സുവേന്ദു അധികാരി സ്വാഗതം ചെയ്തു. ജനാധിപത്യം, ഭരണഘടന, അഭിപ്രായസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് അവരുടെ മടങ്ങിവരവെന്ന് അദ്ദേഹം പറഞ്ഞു.
തസ്ലീമ നസ്‌റീന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി, ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും എതിരായ ഭീഷണിയുടെയും ഭയപ്പെടുത്തലിന്റെയും കാലം അവസാനിച്ചതായും വ്യക്തമാക്കി.
സെക്കുലര്‍ മിഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'പുതിയ സര്‍ക്കാരിന്റെ കീഴില്‍ പശ്ചിമ ബംഗാളില്‍ ജനാധിപത്യം, ഭരണഘടന, അഭിപ്രായസ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടുന്നുവെന്നതിന് ഇതിലൂടെ തെളിവായിരിക്കുകയാണ്. ഇനി ആരും ഞങ്ങളെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യില്ല. അത്തരം കാലം കഴിഞ്ഞുപോയി,' അദ്ദേഹം പറഞ്ഞു.
'നിങ്ങള്‍ ഒരു എഴുത്തുകാരിയാണ്. നിങ്ങളുടെ രചനകള്‍ക്ക് വലിയ വായനക്കാരുണ്ട്. പശ്ചിമ ബംഗാളിലെ മാറ്റങ്ങള്‍ നിങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടാകും. എപ്പോള്‍ വേണമെങ്കിലും സുരക്ഷിതമായ പശ്ചിമ ബംഗാളിലേക്ക് വരാം. നിങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ രചനകള്‍ക്കെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്ത വിട്ടുപോയ ശേഷം ആദ്യമായാണ് തസ്ലീമ നസ്‌റീന്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ നഗരത്തിലെത്തിയത്. ഇത് 'വികാരനിര്‍ഭരമായ ഒരു മടങ്ങിവരവ്' ആണെന്നും കൊല്‍ക്കത്തയെ താന്‍ സ്വന്തം നഗരമായാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.
2007 നവംബറിലായിരുന്നു തസ്ലീമ അവസാനമായി കൊല്‍ക്കത്ത സന്ദര്‍ശിച്ചത്. പിന്നീട് അവരുടെ രചനകള്‍ക്കെതിരെ ഉണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് അവര്‍ നഗരം വിട്ടത്. ബംഗ്ലാദേശ് വിട്ടശേഷം കൊല്‍ക്കത്തയാണ് തനിക്ക് ഏറ്റവും സ്വന്തം നഗരം എന്ന് തസ്ലീമ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
1994 മുതല്‍ പ്രവാസജീവിതം നയിക്കുന്ന തസ്ലീമ നസ്‌റീന്‍, ഒസ്മാന്‍ ഗനി മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സെക്കുലര്‍ മിഷന്റെ ക്ഷണപ്രകാരമാണ് കൊല്‍ക്കത്തയിലെത്തിയത്.
സെക്കുലര്‍ മിഷന്‍ അധ്യക്ഷന്‍ ഒസ്മാന്‍ ഗനി മല്ലിക്കും ബി ജെ പി എം എല്‍ എ സൗരവ് സിക്ദാറും ചേര്‍ന്ന് വിമാനത്താവളത്തില്‍ തസ്ലീമയെ സ്വീകരിച്ചു. 2007-ല്‍ തസ്ലീമ കൊല്‍ക്കത്ത വിടേണ്ടിവന്ന സംഭവവും 2003-ല്‍ പ്രസിദ്ധീകരിച്ച അവരുടെ ആത്മകഥയായ ദ്വികൊണ്ടിതോയെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങളും മല്ലിക് അനുസ്മരിച്ചു.
അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും അഭിപ്രായസ്വാതന്ത്ര്യമില്ലെങ്കില്‍ ജനാധിപത്യമില്ലെന്നും തസ്ലീമ നസ്രീന്‍ പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഇവിടെ അഭിപ്രായസ്വാതന്ത്ര്യം പൂര്‍ണമായി സംരക്ഷിക്കപ്പെടണമെന്നും വ്യത്യസ്ത അഭിപ്രായങ്ങളോ ആശയങ്ങളോ പ്രകടിപ്പിച്ചതിന്റെ പേരില്‍ ഒരു എഴുത്തുകാരനോ കലാകാരനോ സ്വന്തം രാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതനാകരുതെന്നും തസ്ലീമ നസ്‌റീന്‍ പറഞ്ഞു.
