വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം; മാർച്ച് 23 മുതൽ സ്വതന്ത്ര വിലനിർണ്ണയം

വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം; മാർച്ച് 23 മുതൽ സ്വതന്ത്ര വിലനിർണ്ണയം


ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക പരമാവധി പരിധി കേന്ദ്ര സർക്കാർ പിൻവലിച്ചു. മൂന്ന് മാസമായി തുടരുന്ന നിയന്ത്രണം മാർച്ച് 23 മുതൽ ഒഴിവാക്കുമെന്ന് വ്യോമയാന മന്ത്രാലയം മാർച്ച് 20ന് പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ, ഇൻഡിഗോ വിമാനക്കമ്പനിയുടെ വ്യാപക സർവീസ് റദ്ദാക്കലിനെ തുടർന്ന് ടിക്കറ്റ് നിരക്കിൽ അസാധാരണ വർധന ഉണ്ടായതോടെയാണ് കേന്ദ്രം ഇടപെട്ടത്. പൈലറ്റുമാരുടെ വിശ്രമസമയ നിയമങ്ങളിൽ വന്ന മാറ്റം മൂലം 5,000ത്തിലധികം സർവീസുകൾ റദ്ദാക്കപ്പെട്ടത് വിപണിയിൽ സമ്മർദം സൃഷ്ടിച്ചിരുന്നു.

ഇപ്പോൾ സർവീസുകൾ സാധാരണ നിലയിലാകുകയും ശേഷി (capactiy) പുനഃസ്ഥാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഈ നിയന്ത്രണം ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ വിമാനക്കമ്പനികൾക്ക് ഇനി വിപണി അടിസ്ഥാനത്തിൽ നിരക്കുകൾ നിശ്ചയിക്കാനാകും.

അതേസമയം, നിരക്കുകൾ നിശ്ചയിക്കുന്നതിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകി. ടിക്കറ്റ് നിരക്കുകൾ 'യുക്തിസഹവും സുതാര്യവും വിപണി സാഹചര്യങ്ങൾക്ക് അനുയോജ്യവുമായിരിക്കണം' എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. യാത്രാവേളകളിലും അനിയന്ത്രിത സാഹചര്യങ്ങളിലും അനാവശ്യമായി നിരക്ക് ഉയർത്തിയാൽ അതിനെ ഗൗരവമായി കാണുമെന്നും മുന്നറിയിപ്പ് നൽകി.

നിരക്കുകൾ നിരന്തരം നിരീക്ഷിക്കാൻ ഡിജിസിഎ-ക്ക് ചുമതല നൽകിയിട്ടുണ്ട്. ആവശ്യമുണ്ടെങ്കിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരം സർക്കാർ നിലനിർത്തുമെന്നും ഉത്തരവിൽ പറയുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഇന്ധനവില വർധനയും വ്യോമപാതകളിലെ നിയന്ത്രണങ്ങളും വിമാനക്കമ്പനികളുടെ ലാഭപ്രാപ്തിയെ ബാധിക്കുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.