എയര്‍ ഇന്ത്യ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കേന്ദ്രം; ഡോപ് പരിശോധനാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ഡി ജി സി എയ്ക്ക് നിര്‍ദേശം

എയര്‍ ഇന്ത്യ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കേന്ദ്രം; ഡോപ് പരിശോധനാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ഡി ജി സി എയ്ക്ക് നിര്‍ദേശം


ന്യൂഡല്‍ഹി: പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ശക്തമാക്കണമെന്നും സുരക്ഷ ഉറപ്പാക്കുന്നതില്‍ എയര്‍ ഇന്ത്യ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിമാന ജീവനക്കാരുടെ മയക്കുമരുന്ന് ഉപയോഗ പരിശോധന (ഡോപ് ടെസ്റ്റ്) സംബന്ധിച്ച ചട്ടങ്ങള്‍ അടിയന്തരമായി പരിഷ്‌കരിക്കാനും നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയരാകേണ്ട ജീവനക്കാരുടെ ശതമാനം വര്‍ധിപ്പിക്കാനും വ്യോമയാന മന്ത്രാലയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ)യ്ക്ക് നിര്‍ദേശം നല്‍കി.

യഥാര്‍ഥ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നവര്‍ക്കെതിരെ കൂടുതല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും മരുന്നുകളുടെ ഉപയോഗം മൂലമാണ് പരിശോധനാഫലം പോസിറ്റീവായതെങ്കില്‍ അത്തരം ജീവനക്കാര്‍ക്ക് വീണ്ടും പരിശോധനയ്ക്ക് അവസരം നല്‍കണമെന്നും സര്‍ക്കാര്‍ ഡി ജി സി എയോട് ആവശ്യപ്പെട്ടു.

ആഗസ്റ്റ് നാലിന് 145 യാത്രക്കാരുമായി ഫുക്കറ്റില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ്-ഇന്‍-കമാന്‍ഡിനെ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിച്ച ഉറക്കഗുളികകള്‍ കഴിച്ചിരുന്നുവെന്നും അതാണ് ഡോപ് പരിശോധനാ ഫലം പോസിറ്റീവാകാന്‍ കാരണമെന്നും പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. വിമാനത്തിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചും കാബിന്‍ ക്രൂ പരാതി നല്‍കിയതിനെ തുടര്‍ന്ന് പരിശോധന നടക്കുന്നുണ്ട്.

കഴിഞ്ഞ ജൂണില്‍ അഹമ്മദാബാദില്‍ 260 പേരുടെ ജീവനെടുത്ത എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിനുപിന്നാലെയാണ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് പുതിയ സംഭവം ഉണ്ടായതെന്നതും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ആഗസ്റ്റ് നാലിലെ എഐ 2379 വിമാനവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യോമയാന സെക്രട്ടറി സമീര്‍ സിന്‍ഹ എയര്‍ ഇന്ത്യ അധികൃതരെ അറിയിച്ചതായി ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള ഒരു വ്യക്തിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

എഐ 2379 വന്‍ ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാകാമെന്നതാണ് സംഭവത്തില്‍ സര്‍ക്കാരിന്റെ ആശങ്ക വര്‍ധിപ്പിച്ചത്. ഒഡിഷയ്ക്ക് സമീപം പറക്കുന്നതിനിടെ വിമാനത്തിന് മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങള്‍, വാതിലുകള്‍, വിമാനം മുകളിലേക്കും താഴേക്കും നീങ്ങാന്‍ സഹായിക്കുന്ന എലിവേറ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഓട്ടോപൈലറ്റും പ്രവര്‍ത്തനരഹിതമായി. പറക്കുന്നതിനിടെ വിമാനം ഉയരത്തില്‍ നിന്നും പെട്ടെന്ന് താഴേക്ക് പതിച്ചതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

വിമാനത്തിന് ലഭിച്ച മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ എയര്‍ബസ് സംഘവും ഫ്രഞ്ച് വ്യോമയാന റെഗുലേറ്ററിലെ ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തിയിട്ടുണ്ട്. മുന്നറിയിപ്പുകള്‍ യഥാര്‍ഥ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നതാണോ അതോ തെറ്റായ മുന്നറിയിപ്പുകളാണോ, അവയ്ക്ക് കാരണമെന്താണ് തുടങ്ങിയ കാര്യങ്ങളാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പരിശോധിക്കുന്നത്. സംഭവത്തില്‍ വിശദമായ വിശദീകരണം എയര്‍ബസില്‍നിന്ന് ആവശ്യപ്പെടണമെന്ന് പൈലറ്റുമാരും ആവശ്യപ്പെട്ടു.

പൈലറ്റ്-ഇന്‍-കമാന്‍ഡിന്റെ ആരോപിക്കപ്പെടുന്ന അവസ്ഥയും വിമാനത്തിന് ലഭിച്ച നിരവധി മുന്നറിയിപ്പുകളും കണക്കിലെടുക്കുമ്പോള്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതില്‍ സഹപൈലറ്റ് നിര്‍ണായക പങ്കുവഹിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.