സാങ്കേതികത്വം തീർ‌ന്നില്ല; സി.ബി.എസ്.ഇ 12-ാം ക്ലാസ് പുനർനിർണയത്തിനുള്ള പോർട്ടൽ തുറക്കുന്നത് നീട്ടി

സാങ്കേതികത്വം തീർ‌ന്നില്ല; സി.ബി.എസ്.ഇ 12-ാം ക്ലാസ് പുനർനിർണയത്തിനുള്ള പോർട്ടൽ തുറക്കുന്നത് നീട്ടി


ന്യൂഡൽഹി: സി.ബി.എസ്.ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്നു മുതൽ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നാണ് സി.ബി.എസ്.ഇ വ്യക്തമാക്കുന്നത്. പുന‌ർമൂല്യനിർണയത്തിനും ഉത്തരക്കടലാസ് വേരിഫിക്കേഷനും വേണ്ടിയുള്ള പുതിയ പോർട്ടൽ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അതിനുശേഷം പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ പറയുന്നു. 

ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇപ്പോൾ തീയതി നീട്ടി നിശ്ചയിച്ചതെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രവർത്തനം ജൂൺ 1 മുതൽ ആരംഭിക്കും. 

അതേസമയം സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പിൽ വീഴ്ച്ച വരുത്തിയ കോംപ്റ്റ് കമ്പനിക്ക് പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. ഒ.എസ്.എം സംവിധാനം നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ച്ചയിലാണ് നടപടി. പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് ആവശ്യം വിദ്യാർത്ഥികൾ ശക്തമാക്കുകയാണ്. അതിനിടെ ഒ.എസ്.എം സംവിധാനത്തെ പുകഴ്ത്തുന്ന രീതിയിൽ റീലുകളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ സ്കൂളുകൾക്ക് സി.ബി.എസ്.ഇ അധികൃതർ നിർദ്ദേശം നൽകിയതിൽ വിമർശനം ശക്തമായിട്ടുണ്ട്.