മുംബൈ: ഇന്ത്യയിലേക്ക് തിരിച്ചെത്താതെ വിജയ് മല്യയുടെ ഹര്‍ജി പരിഗണിക്കാനാവില്ലന്ന് ബോംബെ ഹൈക്കോടതി. വിജയ് മല്യയുടെ നേരിട്ടുള്ള സാന്നിധ്യം കോടതി നടപടി തുടരാന്‍ അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തു നിന്നും വിട്ടുനിന്നുകൊണ്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിലൂടെ നിയമപ്രക്രിയയെ മല്യ ബോധപൂര്‍വം ഒഴിവാക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
2016 മുതല്‍ യു കെയില്‍ കഴിയുന്ന മല്യ പിടികിട്ടാപ്പുള്ളിയായും സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച നടപടിയെയും 2018ലെ എഫ് ഇ ഒ നിയമത്തിന്റെ ഭരണഘടനപരമായ സാധുതയെയും ചോദ്യം ചെയ്തുക്കൊണ്ടുള്ള രണ്ട് പ്രധാന ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ നിരവധി കേസുകളാണ് ഇന്ത്യയില്‍ മല്യക്കെതിരേയുള്ളത്. കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 18ന് മുന്‍പ് ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ടോയെന്ന കാര്യം മല്യ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. മല്യ കോടതി നടപടികളെ മന:പൂര്‍വം ഒഴിവാക്കുകയാണെന്ന് രേഖപ്പെടുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഹര്‍ജി തള്ളിക്കളയാതെ മല്യക്ക് ഒരു അവസരം കൂടി നല്‍കുകയാണെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ തന്നെ വാദം കേള്‍ക്കാന്‍ നിയമപരമായ മുന്‍ഗണനകള്‍ ഉണ്ടെന്ന് മല്യയുടെ അഭിഭാഷകന്‍ അമിത് ദേശായി വാദിച്ചെങ്കിലും കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം മാത്രമാണ് മല്യ നിയമത്തെ ചോദ്യം ചെയ്യുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
