എത്യോപ്യയിലെ അഗ്നിപര്‍വ്വത സ്‌ഫോടനമാണ് മുംബൈയിലെ വായു മലിനീകരണത്തിന് കാരണമെന്ന വാദം മുംബൈ ഹൈക്കോടതി തള്ളി

എത്യോപ്യയിലെ അഗ്നിപര്‍വ്വത സ്‌ഫോടനമാണ് മുംബൈയിലെ വായു മലിനീകരണത്തിന് കാരണമെന്ന വാദം മുംബൈ ഹൈക്കോടതി തള്ളി


മുംബൈ: എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ നിന്നുള്ള ചാരമേഘങ്ങളെ മുംബൈയിലെ വായു മലിനീകരണത്തിന് കാരണമായി  ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. മുംബൈയിലെ വായു ഗുണനിലവാരത്തെക്കുറിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഈ പ്രശ്‌നം ഏറെക്കാലമായി നിലനില്‍ക്കുന്ന ഒന്നാണെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ചന്ദ്രശേഖറും ജസ്റ്റിസ് ഗൗതം ആങ്കഡും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് എത്യോപ്യയിലെ അഗ്നിപര്‍വ്വത സ്‌ഫോടനവുമായി ബന്ധിപ്പിക്കുന്നതിന് ഏറെ മുമ്പ് തന്നെ മുംബൈയിലെ വായു നിലവാരം മോശമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. 14 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ചാരസ്തംഭം ഉയര്‍ന്നതോടെ അത് ഇന്ത്യയുള്‍പ്പടെയുള്ള പ്രദേശങ്ങളിലേക്കും സഞ്ചരിച്ചു. ചാരം തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ പ്രവേശിച്ചെങ്കിലും അവിടെ നേരത്തെ തന്നെ മോശം വിഭാഗത്തിലായിരുന്ന വായു നിലവാരത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ ദാരിയുസ് ഖംബാട്ടയും ജനക് ദ്വാര്‍കാദാസും മുംബൈയിലെ വായു നിലവാരം ഈ മാസം മുഴുവന്‍ 300ന് മുകളില്‍ നിരന്തരം മോശമായ നിലയിലാണ് എന്ന് കോടതിയെ അറിയിച്ചു. വായു മലിനീകരണം കഴിഞ്ഞ രണ്ട് ദിവസങ്ങളായി എത്യോപ്യയിലെ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് കൂടുതല്‍ രൂക്ഷമായെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി തള്ളി. 

അഗ്നിപര്‍വ്വത സ്‌ഫോടനത്തിന് മുമ്പും 500 മീറ്ററിന് അപ്പുറം ദൃശ്യമാനത കുറവായിരുന്നുവെന്നും അപ്പോഴും വായു നിലവാരം മോശമായിരുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഡല്‍ഹിയിലെ ഗുരുതരമായ വായു നിലവാരം  പരാമര്‍ശിച്ച കോടതി ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ ഫലപ്രദമായ എത് നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാരിനോട് ചോദിച്ചു. കേസ് തുടര്‍ വിചാരണയ്ക്ക് വെള്ളിയാഴ്ചയിലേക്ക് നീട്ടി.