സെപ്റ്റംബര്‍ രണ്ടിനകം മുംബൈയിലെ തെരുവുകള്‍ ഒഴിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി

സെപ്റ്റംബര്‍ രണ്ടിനകം മുംബൈയിലെ തെരുവുകള്‍ ഒഴിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി


മുംബൈ: സെപ്റ്റംബര്‍ രണ്ടാം തിയ്യതിക്കകം എല്ലാ തെരുവുകളില്‍ നിന്നും സമരക്കാരെ ഒഴിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിറക്കി. മറാഠാ സംവരണ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ നഗരം മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണെന്നും പ്രക്ഷോഭം സമാധാനപരമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ വ്യവസ്ഥകളും ലംഘിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മറാഠാ സംവരണ ആക്ടിവിസ്റ്റ് മനോജ് ജാരങ്കേ പാട്ടീലും അനുയായികളേയും സെപ്റ്റംബര്‍ 2നകം തെരുവുകളില്‍ നിന്ന് ഒഴിപ്പിക്കുന്നുണ്ടെന്ന് അധികാരികള്‍ ഉറപ്പാക്കാനും തിങ്കളാഴ്ച ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സമരം സമാധാനപരമായിരുന്നില്ല. പ്രതിഷേധക്കാര്‍ പ്രഥമദൃഷ്ട്യാ വ്യവസ്ഥകള്‍ ലംഘിച്ചു. ഹൈക്കോടതി കെട്ടിടം വളഞ്ഞുവച്ചു. ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമുള്ള പ്രവേശന കവാടങ്ങള്‍ തടയുകയും ഹൈക്കോടതി ജഡ്ജിമാരുടെ കാറുകള്‍ തടയുകയും ചെയ്തു.

ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ മറാത്താ സംവരണ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയ സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വീഡിയോകളില്‍ പ്രതിഷേധക്കാര്‍ ഡ്രംസ് വായിച്ച് നൃത്തം ചെയ്യുന്നത് കാണാം. ഗതാഗതം തടസപ്പെടുത്തുകയും യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്തു.

ജരംഗ പാട്ടീലിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും പ്രക്ഷോഭം തുടരാന്‍ സാധുവായ അനുമതി ഇല്ലാത്തതിനാല്‍ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കി.

മറാഠാ വിഭാഗത്തിന് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. മുന്‍പും ഈ വിഷയത്തില്‍ മുംബൈയില്‍ വന്‍ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്.