ന്യൂഡല്‍ഹി: പെട്രോളില്‍ 20 ശതമാനം എഥനോള്‍ (ഇ20) കലര്‍ത്തുന്ന പദ്ധതി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിന്റെ യഥാര്‍ഥ പ്രത്യാഘാതം അടുത്ത വര്‍ഷത്തോടെ മാത്രമേ വ്യക്തമായി വിലയിരുത്താനാകൂവെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുമോയെന്നും പഴയ വാഹനങ്ങളുടെ എന്‍ജിന് കേടുപാടുകള്‍ ഉണ്ടാക്കുമോയെന്നുമുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇ20 പെട്രോള്‍ വാഹനങ്ങള്‍ക്ക് യാന്ത്രിക തകരാറുകള്‍ ഉണ്ടാക്കുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ഊര്‍ജസുരക്ഷ വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും എഥനോള്‍ മിശ്രിത പദ്ധതി ഗുണകരമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച കേന്ദ്ര പെട്രോളിയം മന്ത്രാലയവും എഥനോള്‍ കലര്‍ത്തല്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതിയാണെന്നും അമേരിക്ക, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
2025-26 വിതരണ വര്‍ഷത്തേക്കുള്ള എഥനോള്‍ വിഹിതം സംബന്ധിച്ച ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി പരിഗണിച്ചത്. എഥനോള്‍ വിഹിതവുമായി ബന്ധപ്പെട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെയാണ് ബി പി സി എല്‍ സുപ്രിം കോടതിയെ സമീപിച്ചത്.
ജൂണ്‍ 23-ലെ ഉത്തരവില്‍ ഒരു ഡിസ്റ്റിലറിയുടെ എഥനോള്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് പരിഗണിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി എണ്ണ വിപണന കമ്പനികളായ ബി പി സി എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഈ ഉത്തരവ് രാജ്യത്ത് പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബി പി സി എല്‍ കോടതിയെ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി ഒരു വിതരണക്കാരന് വിഹിതത്തില്‍ മാറ്റം അനുവദിച്ചാല്‍ മറ്റ് കമ്പനികളും സമാന ആവശ്യങ്ങളുമായി കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും അത് നിരവധി കേസുകള്‍ക്കും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കും കാരണമാകുമെന്നും വാദിച്ചു.
എഥനോള്‍ മിശ്രിത പെട്രോള്‍ പദ്ധതിയുടെ ഏകോപനച്ചുമതലയുള്ള ബി പി സി എല്ലിന് ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷം ഏകദേശം 1,759 കോടി ലിറ്റര്‍ എഥനോള്‍ വിതരണ വാഗ്ദാനങ്ങള്‍ ലഭിച്ചതായും അദ്ദേഹം കോടതിയെ അറിയിച്ചു.
ഒക്ടോബറില്‍ എഥനോള്‍ വിതരണ കരാറുകള്‍ പുതുക്കേണ്ടതിനാല്‍ അതിന് മുമ്പ് വിഷയം തീര്‍പ്പാക്കേണ്ടത് അനിവാര്യമാണെന്നും വിവിധ ഹൈക്കോടതികളില്‍ കേസ് പരിഗണിക്കുന്നത് കാലതാമസത്തിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2025-ല്‍ നിശ്ചയിച്ചതിലും അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുകയെന്ന ലക്ഷ്യം കൈവരിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ രാജ്യവ്യാപകമായി ഇ20 പെട്രോള്‍ വിതരണം ആരംഭിക്കുകയും ചെയ്തു. 2030-ഓടെ ഇത് 30 ശതമാനമായി ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ലക്ഷ്യം.
എഥനോള്‍ മിശ്രിത പദ്ധതി സുരക്ഷിതവും ഉപഭോക്തൃ സൗഹൃദവും സാമ്പത്തികമായി ഗുണകരവുമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വീണ്ടും ആവര്‍ത്തിച്ചു. ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് വാഹന ഇന്‍ഷുറന്‍സ് പരിരക്ഷയെ ബാധിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബന്ധപ്പെട്ട കക്ഷികളുമായി നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
എഥനോള്‍ മിശ്രിത പദ്ധതി വഴി അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനായതിനാല്‍ വിദേശനാണയ ഇനത്തില്‍ 1.4 ലക്ഷം കോടി രൂപയിലധികം ലാഭിക്കാനായെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ശുദ്ധമായ ഗതാഗത സംവിധാനത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തിന് വേഗം കൂട്ടുന്നതിനും എഥനോള്‍ മിശ്രിത പദ്ധതി പ്രധാന പങ്കുവഹിക്കുന്നുവെന്നും ശാസ്ത്രീയ തെളിവുകളുടെയും ബന്ധപ്പെട്ട കക്ഷികളുമായുള്ള കൂടിയാലോചനകളുടെയും അടിസ്ഥാനത്തില്‍ സുരക്ഷിതവും സുതാര്യവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ രീതിയില്‍ പദ്ധതി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
