പ്രാദേശിക ഭരണത്തില്‍ ബിജെപിയുടെ കുതിപ്പ്; മഹാരാഷ്ട്രയില്‍ മഹായുതിക്ക് നിര്‍ണായക മുന്‍തൂക്കം

പ്രാദേശിക ഭരണത്തില്‍ ബിജെപിയുടെ കുതിപ്പ്; മഹാരാഷ്ട്രയില്‍ മഹായുതിക്ക് നിര്‍ണായക മുന്‍തൂക്കം


മുംബൈ: ഏകദേശം ഒരു ദശകത്തിനുശേഷം നടന്ന മഹാരാഷ്ട്രയിലെ നഗരസഭ-നഗര്‍പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപി നിര്‍ണായക മുന്‍തൂക്കം നേടി മുന്നേറുന്നു. 246 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും 42 നഗര്‍ പഞ്ചായത്തുകളിലേക്കുമായി നടന്ന തിരഞ്ഞെടുപ്പുകളില്‍ ആകെ 6,859 സീറ്റുകളിലേക്കാണ് പോളിംഗ് നടന്നത്. പുറത്തുവന്ന ട്രെന്‍ഡുകള്‍ പ്രകാരം 3,120 സീറ്റുകളില്‍ ബിജെപി ലീഡ് ഉറപ്പിച്ചിരിക്കുകയാണ്. ശിവസേനയ്ക്ക് ഏകദേശം 600 സീറ്റുകളിലും എന്‍സിപിക്ക് 200 സീറ്റുകളിലും മുന്‍തൂക്കമുണ്ട്. ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍) വിഭാഗങ്ങള്‍ യഥാക്രമം 145, 105, 122 സീറ്റുകളില്‍ മുന്നിലാണ്.

കൂട്ടുകക്ഷി നിലയില്‍ നോക്കുമ്പോള്‍, ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി 214 തദ്ദേശ സ്ഥാപനങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍ പ്രതിപക്ഷ മഹാവികാസ് അഘാടിക്ക് 52 സ്ഥാപനങ്ങളിലാണ് മുന്‍തൂക്കം. അര്‍ദ്ധനഗര-ഗ്രാമ മേഖലകളിലെ രാഷ്ട്രീയ പ്രവണതകള്‍ വ്യക്തമാക്കുന്ന നിര്‍ണായക സൂചകമായാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തപ്പെടുന്നത്. 2024 നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതിക്ക് ലഭിച്ച വലിയ വിജയത്തിന് പിന്നാലെയാണു ഇപ്പോഴത്തെ നേട്ടമെന്നതും ശ്രദ്ധേയമാണ്.

കൃഷി പ്രതിസന്ധി, വനിതകള്‍ക്കായുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതിയിലെ ഭാഗിക പണമടവ്, കര്‍ഷകരുടെ സാമ്പത്തിക സഹായ പരാതികള്‍ തുടങ്ങിയ പശ്ചാത്തലങ്ങളില്‍ പ്രതിപക്ഷം ശക്തമായ പോരാട്ടം കാഴ്ചവെക്കും എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പ്രചാരണഘട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏകോപനവും ശക്തമായ ഇടപെടലും കാണാനായില്ല. കോണ്‍ഗ്രസ് നേതാക്കള്‍ വിദര്‍ഭ-മരാത്ത്‌വാഡ മേഖലകളില്‍ സജീവമായിരുന്നെങ്കിലും ശിവസേന (യുബിടി) നേതാക്കളുടെ സാന്നിധ്യം പരിമിതമായിരുന്നു; എന്‍സിപി (എസ്പി) നേതാക്കള്‍ സ്വന്തം മണ്ഡലങ്ങളിലേക്കു തന്നെ ചുരുങ്ങി. അതേസമയം, മുഖ്യമന്ത്രി ഉള്‍പ്പെടെ ഉപമുഖ്യമന്ത്രിമാര്‍ വരെ മുന്നില്‍ നിന്നുള്ള സമഗ്ര പ്രചാരണമാണ് മഹായുതി നടത്തിയത്; ദൂരസ്ഥ പ്രദേശങ്ങളിലേക്കും നേതാക്കള്‍ എത്തി.

തിരഞ്ഞെടുപ്പിന് മുന്‍പുള്ള ദിവസങ്ങളില്‍ മഹായുതിക്കുള്ളിലെ ഭിന്നതകളും പുറത്ത് വന്നിരുന്നു. ചില മേഖലകളില്‍ സഖ്യകക്ഷികള്‍ തമ്മില്‍ നേരിട്ടുള്ള മത്സരവും നടന്നു. മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച ശിവസേന മന്ത്രിമാര്‍ ബിജെപിക്കെതിരെ 'ബുള്ളിയിംഗ്' ആരോപണങ്ങളും ഉന്നയിച്ചു; 'സഖ്യധര്‍മ്മം' ഓര്‍മ്മിപ്പിക്കുന്ന പരാമര്‍ശങ്ങളും ഉണ്ടായി. എന്നിരുന്നാലും, വോട്ടെണ്ണല്‍ പ്രവണതകള്‍ മഹായുതിക്ക് അനുകൂലമായി മാറുകയായിരുന്നു.

അടുത്ത മാസം നടക്കാനിരിക്കുന്ന നിര്‍ണായക ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ ഫലങ്ങള്‍ രാഷ്ട്രീയമായി വലിയ പ്രസക്തിയുള്ളതാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.