ന്യൂഡല്‍ഹി: ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി 'പെറ്റുപെരുകുന്ന' പാറ്റ പാര്‍ട്ടിയെ പേടിച്ച് ബി ജെ പി ഹാന്‍ഡിലുകള്‍ എതിര്‍ പ്രചരണം ആരംഭിച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടിയെന്ന പാറ്റ പാര്‍ട്ടിക്കു പിന്നില്‍ ഇന്ത്യാ വിരുദ്ധരും ബംഗ്ലാദേശ് മോഡല്‍ ജെന്‍ സി പ്രക്ഷോഭം ലക്ഷ്യമിടുന്നവരും യു എസിനേക്കാള്‍ മുന്നേറ്റം ഇന്ത്യക്കുണ്ടാകുമെന്ന് ഭയക്കുന്ന ട്രംപുമാണെന്നാണ് പ്രധാന ആരോപണം.
ഇന്ത്യയെ തീയിലിടാനും സര്‍ക്കാരിനെ മറിച്ചിടാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ടെന്നും രാജ്യം അപകടത്തിലേക്ക് നീങ്ങുകയാണെന്നും അതുകൊണ്ട് എല്ലാ ഇന്ത്യക്കാരിലേക്കും വിവരങ്ങള്‍ എത്തിക്കണമെന്നും വിശദീകരിച്ചാണ് കോക്രോച്ച് പാര്‍ട്ടിക്കും ട്രംപിനും യു എസിനുമെതിരെ സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ പ്രചരണം നടക്കുന്നത്.
വായിക്കുന്ന ഓരോരുത്തരോടും സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പുകള്‍ക്കും പരിചയക്കാര്‍ക്കും എല്ലാ കോണ്‍ടാക്ടുകള്‍ക്കും ഫോര്‍വേഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രചരണം കുറഞ്ഞത് ആയിരം പേരിലേക്കെങ്കിലും ഒരാള്‍ എത്തിക്കണമെന്നാണ് പറയുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 100 ദശലക്ഷം ആളുകളിലേക്കും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഒരു ബില്യണ്‍ ആളുകളിലേക്കും ഇത് എത്തിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
ഓപ്പറേഷന്‍ 37 വഴി കുറഞ്ഞത് 37 ബി ജെ പി എം പിമാരെയെങ്കിലും ഭിന്നിപ്പിച്ച് ബി ജെ പിയെ വിഭജിക്കാനാണ് ലക്ഷ്യമെന്ന് പറയുന്നു. ബി ജെ പിയെ ഭിന്നിപ്പിക്കുന്നതിലൂടെ ഇന്ത്യ ഗുരുതരമായ ഭീഷണിയാണ് നേരിടുകയെന്നും ഇവര്‍ അവകാശപ്പെടുന്നു.
മോഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ ശത്രുക്കളും രാജ്യദ്രോഹികളും ആരംഭിച്ചതാണ് 'ഓപ്പറേഷന്‍ 37' എന്നു പറയുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ മോഡിയെ പുറത്താക്കാന്‍ യു എസ് പ്രസിഡന്റ് സി ഐ എയ്ക്കും 'ഡീപ് സ്റ്റേറ്റിനും' 12 മാസം സമയം നല്‍കിയിട്ടുണ്ടെന്നാണ് വിശദമാക്കുന്നത്. അതോടൊപ്പം ജാതിയുടെയും പ്രാദേശികത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന പ്രതിഷേധങ്ങളിലൂടെ പൊതുസമാധാനം തകര്‍ക്കാനും 'വ്യാജ വോട്ടിംഗ്' പോലുള്ള തെറ്റായ ആരോപണങ്ങള്‍ മറയായി ഉപയോഗിക്കാനും രാജ്യദ്രോഹികള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വിശദമാക്കുന്നു.
നികുതി, സംവരണം, കര്‍ഷക നേതാക്കള്‍ തുടങ്ങിയവയിലൂടെയാണ് 37 ബി ജെ പി എം പിമാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതത്രെ. ലിംഗാധിഷ്ഠിതവും മതപരവുമായ പ്രസ്ഥാനങ്ങളെ പ്രേരിപ്പിച്ച് ബംഗ്ലാദേശില്‍ സംഭവിച്ചതുപോലെ കുഴപ്പങ്ങള്‍ പടര്‍ത്താനും സര്‍ക്കാരിനെ അട്ടിമറിക്കാനും ശ്രമിക്കുന്നുവെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നു.
ഇന്ത്യയെ ഭിന്നിപ്പിക്കാനും ബി ജെ പിയെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നു എന്ന ആരോപണം പിന്നാലെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്നതിലേക്കാണ് എത്തുന്നത്. അതോടൊപ്പം പാകിസ്ഥാനെ പ്രകോപിപ്പിച്ച് യുക്രെയ്ന്‍- റഷ്യ സംഘര്‍ഷം പോലെ ഇന്ത്യയെ നീണ്ട യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനും ശ്രമങ്ങള്‍ നടക്കുന്നുവെന്നും അത് സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷവും ഡീപ് സ്റ്റേറ്റും ട്രംപും 12 മാസത്തിനുള്ളില്‍ മോഡിയെ താഴെയിറക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ പുരോഗതി അമേരിക്കയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അതുകൊണ്ട് മോഡിയെ വധിക്കാനുള്ള ആക്രമണത്തിനും മടിക്കില്ലെന്നും സംഘപരിവാര്‍ പ്രചരണത്തിലുണ്ട്. ഇന്ത്യയുടെ വികസനം കാണാന്‍ അമേരിക്ക ആഗ്രഹിക്കാത്തതിനാല്‍ യു എസിന്റെ നേതൃത്വത്തിലാണ് മോഡിയെ വധിക്കാനുള്ള ശ്രമമുണ്ടാവുകയെന്നാണ് പ്രചരിപ്പിക്കുന്നത്.
ഇന്ത്യ ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതിനാല്‍ രാജ്യത്തെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ ഒന്നിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
പാറ്റപ്പാര്‍ട്ടിയെന്ന പേര് നേരിട്ടു പറയുന്നില്ലെങ്കിലും കൂടെയുള്ള ചിത്രത്തില്‍ യു എസ്, പാകിസ്ഥാന്‍, തുര്‍ക്കിയെ പതാകകള്‍ അണിഞ്ഞ പാറ്റയാണുള്ളത്. ഇന്ത്യയെയും മോഡിയേയും തകര്‍ക്കുമെന്ന് പറഞ്ഞു തുടങ്ങുന്ന സാമൂഹ്യ മാധ്യമ പോസ്റ്റ് യു എസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതിന് ശേഷം ഇന്ത്യക്കാരോടല്ല ഹിന്ദുക്കളോടാണ് ഉണരാനും ഒന്നിക്കാനും ജാഗ്രത പാലിക്കാനും ആവശ്യപ്പെടുന്നത്.
