പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കാം! പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ഭരണഘടനാ ഭേദ​ഗതിക്കൊരുങ്ങി കേന്ദ്രം

പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കാം! പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ഭരണഘടനാ ഭേദ​ഗതിക്കൊരുങ്ങി കേന്ദ്രം


ന്യൂഡൽഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ അറസ്റ്റിലായി മുപ്പത് ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയയും, മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പദവികളില്‍ നിന്ന് മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 130-ാം ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്രം. ബില്ലിന് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിഅംഗീകാരം നല്‍കിയേക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ ഓഗസ്റ്റില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ അപരാജിത സാരംഗി അധ്യക്ഷയായ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിട്ടിരുന്നു. 

കോണ്‍ഗ്രസടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ജെപിസി നടപടികളോട് സഹകരിച്ചിരുന്നില്ല. പാര്‍ലമെന്‍റിലും ബില്ലിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് ബില്ല് വീണ്ടും കൊണ്ടുവരാനാണ് നീക്കം. നിയമം ദുരുപയോഗം ചെയ്യാനുള്ള ചില വ്യവസ്ഥകള്‍ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയേക്കും. ശിവസേനയില്‍ നിന്നും ടിഎംസിയില്‍ നിന്നും എംപിമാരെ ചാടിച്ചെങ്കിലും ഭരണഘടന ഭേദഗതി ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം ഇപ്പോഴും എന്‍ഡിഎക്കില്ല.

ബില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കണക്കിലെടുത്താണ് പ്രതിപക്ഷം ഇതിനെതിരെ രംഗത്തുള്ളത്. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തതായി ആരോപണവിധേയനായ മന്ത്രി അറസ്റ്റിലാവുകയും 30 ദിവസം തുടര്‍ച്ചയായി തടവിലാക്കപ്പെടുകയും ചെയ്താല്‍ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭരണഘടന (130ാം ഭേദഗതി) ബില്‍, 2025. മന്ത്രിമാര്‍ക്കെതിരെ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഉപദേശപ്രകാരം രാഷ്ട്രപതിക്കോ ഗവര്‍ണ്ണര്‍ക്കോ നടപടി സ്വീകരിക്കാം. അല്ലെങ്കില്‍ 31-ാം ദിവസം സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടും. മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ കാര്യത്തില്‍ അതാത് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കോ രാഷ്ട്രപതിക്കോ തീരുമാനമെടുക്കാം.

ശിക്ഷിക്കപ്പെട്ടാല്‍ നടപടി എടുക്കുന്നതിന് പകരം കസ്റ്റഡി അടിസ്ഥാനമാക്കി പൊതുപ്രതിനിധികളെ ശിക്ഷിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ 30 ദിവസത്തിനുള്ളില്‍ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ജാമ്യത്തിനായി അപേക്ഷിക്കാമെന്നതിനാല്‍ ഇത് നീതിന്യായ വ്യവസ്ഥകള്‍ ലംഘിക്കുന്നില്ലെന്നാണ് ഭരണപക്ഷത്തിന്റെ വാദം.