"എൻ്റെ മക്കൾക്ക് വേണ്ടിയും ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്ക് വേണ്ടിയും ഞാൻ ഇനിയും പോരാടും", ബിൽക്കിസ് ബാനു


ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടയിൽ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും തൻ്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെതിരെ വൈകാരികമായി പ്രതികരിച്ച് ബിൽക്കിസ് ബാനു. തന്നെ അറിയിക്കുകയോ തൻ്റെ ഭാഗം കേൾക്കുകയോ ചെയ്യാതെയാണ് പരമോന്നത കോടതി വീണ്ടും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അവർ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. "എൻ്റെ വാക്കുകൾ പുറത്തുവരുന്നത് വേദനയുടെയും ഞെട്ടലിൻ്റെയും അവിശ്വാസത്തിൻ്റെയും പുതിയ കണ്ണീർത്തുള്ളികളിലൂടെയാണ്..." എന്ന് തുടങ്ങുന്ന പ്രസ്‌താവനയിലൂടെയാണ് ബാനു പ്രതികരിച്ചത്.

സീനിയർ അഡ്വക്കേറ്റ് ശോഭ ഗുപ്ത മുഖേന പുറത്തുവിട്ട പ്രസ്താവനയിലാണ് ബിൽക്കിസ് ബാനു തൻ്റെ കടുത്ത അമർഷവും ഭയവും രേഖപ്പെടുത്തിയത്. മാധ്യമ വാർത്തകളിലൂടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ച വിവരം താൻ അറിഞ്ഞതെന്ന് അവർ വ്യക്തമാക്കി.

"എന്നെ വിളിക്കുകയോ എൻ്റെ ഭാഗം കേൾക്കുകയോ ചെയ്യാതെ സുപ്രീം കോടതി വീണ്ടും, ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ഉത്തരവ് പാസാക്കുന്നത് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ആ പ്രതികളുടെ ശിക്ഷ സുപ്രീം കോടതിക്ക് എങ്ങനെ വെറുതെ റദ്ദാക്കാൻ കഴിയും? അവർക്ക് എന്നെ ഒന്ന് അറിയിക്കാമായിരുന്നില്ലേ? ആ കോടതിമുറിയിൽ എൻ്റെ ശബ്ദം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?" ബിൽക്കിസ് ബാനു ചോദിക്കുന്നു. ഈ പുതിയ ഉത്തരവ് തൻ്റെയും മക്കളുടെയും സുരക്ഷയെക്കുറിച്ച് വീണ്ടും ഭയമുണ്ടാക്കുന്നുവെന്നും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

24 വർഷത്തെ നീതിപോരാട്ടം: 'ഇനിയും പോരാടും'

തനിക്ക് 19 വയസ്സുള്ളപ്പോഴാണ് ഈ ക്രൂരത നടന്നതെന്നും നീതിക്കായി താൻ കഴിഞ്ഞ 24 വർഷമായി ദീർഘമായ പോരാട്ടത്തിലാണ് നില്‍ക്കുന്നതെന്നും ബിൽക്കിസ് ബാനു ഓർമ്മിപ്പിച്ചു. "ഞാൻ ഈ ഉത്തരവിനെതിരെ പോരാടും. എനിക്ക് പോരാടിയേ തീരൂ. എൻ്റെ മക്കൾക്ക് വേണ്ടിയാണിത്. ബാക്കി ജീവിതകാലം മുഴുവൻ ഈ ഭയം പേറി ജീവിക്കേണ്ടവരല്ല അവർ. ജീവിക്കാൻ അവകാശമുണ്ടായിരുന്ന എൻ്റെ മൂന്ന് വയസ്സുകാരി സ്വാലിഹയുടെ ഓർമയ്ക്ക് വേണ്ടിയാണിത്. ഇന്ത്യയിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണിത്," ബിൽക്കിസ് ബാനു തൻ്റെ ഉറച്ച നിലപാട് വ്യക്തമാക്കി.

ജാമ്യം നൽകാൻ സുപ്രീം കോടതി പറഞ്ഞ കാരണങ്ങൾ

ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് പ്രതികളായ രണ്ട് പേർക്ക് ഒക്ടോബർ 28-ന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ 17 വർഷത്തിലധികമായി ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞു എന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ച പ്രതികളിൽ ഒരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യങ്ങൾ ഉണ്ടെന്നതും കോടതി പരിഗണിച്ചു.

2017-ൽ ബോംബെ ഹൈക്കോടതി ഇവരുടെ ജീവപര്യന്തം ശിക്ഷ ശരിവച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീൽ പരിഗണിച്ചാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ 2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ ഈ കേസ് പ്രതികളെ കാലാവധി തികയും മുൻപേ മോചിപ്പിച്ചിരുന്നെങ്കിലും, 2024 ജനുവരിയിൽ സുപ്രീം കോടതി ആ മോചന ഉത്തരവ് റദ്ദാക്കി ഇവരെ വീണ്ടും ജയിലിലേക്ക് അയച്ചിരുന്നു. അതിനുശേഷമാണ് ഇപ്പോൾ കോടതി രണ്ടുപേർക്ക് വീണ്ടും ജാമ്യം നൽകിയിരിക്കുന്നത്.

ബിൽക്കിസ് ബാനുവിൻ്റെ പ്രസ്താവനയുടെ പൂർണരൂപം

"വേദനയുടെയും ഞെട്ടലിൻ്റെയും അവിശ്വാസത്തിൻ്റെയും പുതിയ കണീർത്തുള്ളികളിലൂടെയാണ് എൻ്റെ ഈ വാക്കുകൾ പുറത്തുവരുന്നത്. എന്നെ വിളിക്കുകയോ എൻ്റെ ഭാഗം കേൾക്കുകയോ ചെയ്യാതെ സുപ്രീം കോടതി വീണ്ടും, ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ഉത്തരവ് പാസാക്കുന്നത് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. മാധ്യമ വാർത്തകളിലൂടെയാണ് ഞാൻ ഈ വിവരം അറിഞ്ഞത്.

ആ ക്രൂരത നടക്കുമ്പോൾ എനിക്ക് വെറും 19 വയസ്സായിരുന്നു. എൻ്റെ മൂന്ന് വയസ്സുള്ള മകൾ സ്വാലിഹയും എൻ്റെ കുടുംബത്തിലെ നിരവധി അംഗങ്ങളും അന്ന് കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് മനുഷ്യരുടെ പിന്തുണയോടെയും ഐക്യദാർഢ്യത്തോടെയുമാണ് നീതിക്കായി ഞാൻ കഴിഞ്ഞ 24 വർഷമായി ദീർഘമായ പോരാട്ടം നടത്തിയത്. ആ ദിവസം മുതൽ നീണ്ട 24 വർഷക്കാലം എനിക്ക് വേണ്ടിയും എല്ലാടത്തുമുള്ള സ്ത്രീകൾക്ക് വേണ്ടിയും വീണ്ടും വീണ്ടും ഞാൻ നീതിക്കായി എഴുന്നേറ്റു നിന്നു പോരാടി. ആവർത്തിച്ചുള്ള കോടതി വിജയങ്ങൾക്ക് ശേഷം ഞാൻ എൻ്റെ ജീവിതം പിച്ചവെച്ച് കെട്ടിപ്പടുക്കുകയായിരുന്നു, നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കുകയായിരുന്നു.

എന്നാൽ ഇന്ന്, ഞാൻ അത്രയേറെ കഷ്ടപ്പെട്ട് നേടിയെടുത്ത നീതി എനിക്ക് നഷ്ടപ്പെടുന്നതായി ഞാൻ കാണുന്നു. പരിചിതമായ ആ പഴയ ഭയങ്ങൾ വീണ്ടും തലപൊക്കുകയാണ്. ഞാൻ വീണ്ടും ഭയപ്പെടുന്നു. എനിക്ക് വേണ്ടിയും എൻ്റെ കുടുംബത്തിന് വേണ്ടിയും എൻ്റെ മക്കൾക്ക് വേണ്ടിയും ഞാൻ ഭയപ്പെടുന്നു. ഒപ്പം, നീതിയിലുള്ള വിശ്വാസം എനിക്ക് വീണ്ടും നഷ്ടപ്പെടുമോ എന്നും ഞാൻ ഭയപ്പെടുന്നു. ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് എന്നോട് ഇത് ചെയ്ത മനുഷ്യരുടെ ശിക്ഷ എങ്ങനെ വെറുതെ റദ്ദാക്കാൻ കഴിയും? അവർക്ക് എന്നെ ഒന്ന് അറിയിക്കാമായിരുന്നില്ലേ? ആ കോടതിമുറിയിൽ എൻ്റെ ശബ്ദം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?

ഞാൻ ഈ ജാമ്യ ഉത്തരവിനെതിരെ പോരാടും. എനിക്ക് പോരാടിയേ തീരൂ. എൻ്റെ മക്കൾക്ക് വേണ്ടിയാണിത്, ബാക്കി ജീവിതകാലം മുഴുവൻ ഈ ഭയവും പേറി ജീവിക്കേണ്ടവരല്ല അവർ. ജീവിക്കാൻ അവകാശമുണ്ടായിരുന്ന എൻ്റെ മൂന്ന് വയസ്സുകാരി സ്വാലിഹയുടെ ഓർമയ്ക്ക് വേണ്ടിയാണിത്, അവളുടെ ഓർമകൾ നീതി ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണിത്. കാരണം ഒരു സ്ത്രീയും, ഒരു അതിജീവിതയും, ഒരു പൗരനും തൻ്റെ അസ്തിത്വത്തിൻ്റെയും സമത്വത്തിൻ്റെയും ഈ ശാശ്വതമായ പരീക്ഷണം സഹിക്കേണ്ടി വരരുത്, ബാക്കി ജീവിതകാലം മുഴുവൻ നീതിക്കായി പോരാടേണ്ടി വരരുത്."