പാട്ന: ബീഹാറിലെ മുസഫർപൂരിൽ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലുണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു. മുസാഫർപൂർ ജില്ലയിലെ പ്രസാദ് ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്.
പുലർച്ചെ 3.55നാണ് ഫയർഫോഴ്സിന് അടിയന്തര സന്ദേശം ലഭിച്ചത്. ഐ.സി.യുവിൽ നിന്ന് 20 ഓളം പേരെ ഒഴിപ്പിച്ചു. ബാക്കിയുള്ള രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പലരുടേയും ജീവൻ രക്ഷിക്കാനായില്ല. 15ലധികം ആളുകൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡൽഹിയിലെ മാളവ്യ നഗറിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പേയാണ് വീണ്ടുമൊരു തീപിടിത്ത ദുരന്തമുണ്ടായിരിക്കുന്നത്.
ബിഹാറിൽ ആശുപത്രി ഐ.സി.യുവിൽ വൻ തീപിടിത്തം; 10 രോഗികൾക്ക് ദാരുണാന്ത്യം
